പ്രമുഖ തമിഴ് സംവിധായകന്‍ കെ ബാലചന്ദറിന് (80) ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ്. നിര്‍മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ഇന്ത്യന്‍ സിനിമയ്‌ക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് അവാര്‍ഡ്. 10 ലക്ഷം രൂപയും സ്വര്‍ണകമലവും അടങ്ങുന്നതാണ് പുരസ്കാരം.
തഞ്ചാവൂരില്‍ 1930ല്‍ ജനിച്ച ബാലചന്ദര്‍ നാടകങ്ങളിലൂടെയാണ് കലാരംഗത്ത് സജീവമാകുന്നത്. നീര്‍ക്കുമിഴി ആണ് ആദ്യ ചിത്രം. തമിഴിനു പുറമേ തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ബാലചന്ദര്‍ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.
രജനികാന്ത്, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ പ്രമുഖ നടന്‍മാര്‍ വെള്ളിത്തിരയിലെത്തിയത് ബാലചന്ദറിന്റെ ചിത്രങ്ങളിലൂടെയാണ്. കമലഹാസന്‍ ശ്രദ്ധേയമാകുന്നതും ബാലചന്ദറിന്റെ ചിത്രത്തിലൂടെ തന്നെ.
അപൂര്‍വ്വരാഗങ്ങള്‍, തണ്ണീര്‍ തണ്ണീര്‍, അച്ചമില്ലെ അച്ചമില്ലെ, രുദ്രവീണ, ഒരു വീട് ഇരു വാസല്‍ തുടങ്ങിയ സിനിമകളിലൂടെ ദേശീയ അവാര്‍ഡുകള്‍ പലതവണ അദ്ദേഹത്തെ തേടിയെത്തി. 1987ല്‍ പത്മശ്രീ ബഹുമതി നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1973ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി ബഹുമതിയും നേടി.