മോഷണം; പത്തുവയസുകാരനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു

മുംബൈ| WEBDUNIA| Last Modified വെള്ളി, 4 ഒക്‌ടോബര്‍ 2013 (15:42 IST)
PRO
ട്രക്കില്‍ നിന്നും സ്പെയര്‍ പാര്‍ട്സ് മോഷ്ടിച്ച കുറ്റത്തിന് പത്തുവയസുകാരനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു. മുംബൈ നഗരത്തിലാണ് സംഭവം നടന്നത്.

മുംബൈയിലെ ചേരി നിവാസിയാണ് മര്‍ദ്ദനത്തിനിരയായ ആണ്‍കുട്ടി. ആണ്‍കുട്ടിയും കൂട്ടുകാരും പ്രദേശത്ത് വന്നിരുന്ന ട്രക്കുകളില്‍ നിന്നും മറ്റ് വാഹനങ്ങളില്‍ നിന്നും സാധന സാമഗ്രികള്‍ മോഷ്ടിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസത്തെ മോഷണശ്രമത്തിനിടെയാണ് ആണ്‍കുട്ടി പിടിയിലായത്.

കഴിഞ്ഞ ദിവസം മുംബൈയിലെ ബാലാജി കാര്‍ഗോ മൂവേഴ്സിന്റെ ട്രക്കില്‍ നിന്നും ആയിരം രൂപ വില വരുന്ന സ്പെയര്‍ പാര്‍ട്സുകള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ്‍കുട്ടിയും കൂട്ടുകാരെയും ട്രക്ക് ഉടമകള്‍ പിടികൂടുകയായിരുന്നു. എന്നാല്‍ ഇവരെ വെട്ടിച്ച് മറ്റ് കൂട്ടുകാര്‍ രക്ഷപ്പെടുകയും ആണ്‍കുട്ടി ഉടമകളുടെ കൈകളില്‍ അകപ്പെടുകയും ചെയ്തു.

തുടര്‍ന്ന് ഉടമകള്‍ ആണ്‍കുട്ടിയെ വിവസ്ത്രനാക്കുകയും കൈകള്‍ കയര്‍ കൊണ്ട് കെട്ടി മതിലിനോട് ചേര്‍ത്ത് നിര്‍ത്തി വടികൊണ്ട് അടിക്കുകയും ചെയ്തു. തുടര്‍ന്ന് അണ്‍കുട്ടിയെ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ആണ്‍കുട്ടിയെ ജുവൈനല്‍ ഹോമിലേക്ക് ഉടന്‍ അയക്കുമെന്ന് പൊലീസ് പറഞ്ഞു.

അതേ സമയം കുട്ടിയെ മര്‍ദ്ദിച്ചതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും അതിനായി വൈദ്യ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. മര്‍ദ്ദിച്ചതിന്റെ തെളിവ് ഉണ്ടെങ്കില്‍ ട്രക്ക് ഉടമകള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :