മോചനമായി; മകന്റെ അന്ത്യയാത്രയ്ക്കായി സുനില്‍ നാളെയെത്തും

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
പശ്ചിമ ആഫ്രിക്കയിലെ ടോഗോയില്‍ തടവിലായിയിരുന്ന മലയാളി ക്യാപ്റ്റന്‍ സുനില്‍ ജെയിംസ് മോചിതനായി. ജയിലിലുണ്ടായിരുന്ന വിജയന്‍ എന്ന നാവികനെയും വിട്ടയക്കും. ഇരുവരും വൈകീട്ട് ഇന്ത്യയിലേക്ക് പുറപ്പെടും.

കടല്‍ക്കൊള്ളക്കാരെ സഹായിച്ചു എന്ന കുറ്റത്തിനാണ് സുനില്‍ ജെയിംസ് ടോഗോയിലെ ജയിലിലായത്. സുനില്‍ ക്യാപ്റ്റനായ 'എംവി ഓഷ്യന്‍ സെഞ്ചൂറിയന്‍' എന്ന ചരക്കുകപ്പല്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിനിരയാകുകയായിരുന്നു. ആഫ്രിക്കയുടെ പടിഞ്ഞാറന്‍ മേഖലയിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു ഇത്. കൊള്ളക്കാര്‍ സുനിലിനെയും സംഘത്തെയും ബന്ദികളാക്കി സാധനങ്ങള്‍ കൊള്ളയടിച്ചു. രണ്ടുദിവസത്തിനുശേഷം കപ്പല്‍ ടോഗോയിലെ ലോമില്‍ അടുപ്പിക്കുകയായിരുന്നു. കപ്പല്‍ ഉടമകളുടെ അനുമതിയോടെയാണ് കപ്പല്‍ അടുപ്പിച്ചതെങ്കിലും കടല്‍കൊള്ളക്കാരെ സഹായിച്ചു എന്ന കുറ്റം ചുമത്തി സുനില്‍ അടക്കം 38 ജീവനക്കാരെ തടവിലാക്കുകയായിരുന്നു.

സുനിലിന്റെ 11 മാസം പ്രായമുള്ള കുട്ടി സെപ്റ്റിസീമിയ ബാധിച്ച് മരിച്ചത് ഈയിടെയാണ്. സുനില്‍ എത്തുന്നതും കാത്ത് കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ നടക്കുന്ന മകന്റെ സംസ്കാര ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും.

സുനിലിന്റെ മോചനത്തില്‍ അദ്ദേഹത്തിന്റെ കുടുംബം കേന്ദ്രസര്‍ക്കാരിനെ നന്ദി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :