എടി‌എം ആക്രമണം; അക്രമിയെക്കുറിച്ച് വിവരം നല്‍കിയാല്‍ ഒരു ലക്ഷം ഇനാം

ബാംഗ്ലൂര്‍| WEBDUNIA|
PRO
എടിഎമ്മില്‍ മലയാളി യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ചയാളെക്കുറിച്ച് വിവരം നല്‍കിയാല്‍ ഒരു ലക്ഷം ഇനാം. ദൃശ്യങ്ങള്‍ ഉള്‍പ്പടെയുണ്ടായിട്ടും പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചത്.

എടിഎമ്മില്‍ അക്രമം നടത്തി രണ്ട് ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ സാധിക്കാത്ത പൊലീസ് നടപടിയെക്കുറിച്ച് പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
ബാംഗ്ലൂര്‍ നഗരമധ്യത്തില്‍ എടിഎമ്മിലെത്തിയ മലയാളി യുവതിയെ ആയുധധാരി വെട്ടി പരുക്കേല്‍പ്പിക്കുകകയായിരുന്നു.

മലയാളി ബാങ്ക് ഉദ്യോഗസ്ഥ ജ്യോതിയാണ് ആക്രമണത്തിന് ഇരയായത്. കോര്‍പറേഷന്‍ ബാങ്ക്‌ എടിഎമ്മില്‍ പണമെടുക്കാന്‍ കയറിയ ഇവരുടെ പിന്നാലെ അകത്തുകയറിയ അക്രമി ഷട്ടര്‍ താഴ്ത്തി വടിവാള്‍ ഉപയോഗിച്ചു വെട്ടുകയായിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ജ്യോതി.
തിരുവനന്തപുരം സ്വദേശി പരേതനായ രാമചന്ദ്രന്‍ നായരുടെയും ഉഡുപ്പി സ്വദേശിനിയുടെയും മകളായ ജ്യോതി 20 കൊല്ലമായി കോര്‍പറേഷന്‍ ബാങ്കില്‍ ഉദ്യോഗസ്ഥയാണ്‌.

സംഭവത്തെക്കുറിച്ച് പൊലീസ്: സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥലത്തുണ്ടായിരുന്നില്ല. യുവതി കൗണ്ടറില്‍ പ്രവേശിച്ചതും അക്രമി അതിക്രമിച്ചു കയറുകയായിരുന്നു. ബഹളംവയ്ക്കാന്‍ കഴിയുംമുന്‍പേ ഷട്ടര്‍ താഴ്ത്തി. ഭയന്നു വിറച്ച യുവതിക്കു സമീപമിരുന്ന അക്രമി കൈവശമുള്ള ബാഗ്‌ തുറന്ന്‌ ശാന്തനായി ആദ്യം ഒരു തോക്കും പിന്നാലെ വടിവാളും പുറത്തെടുത്തു.

വടിവാള്‍ ചൂണ്ടി പണമെടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ കഴുത്തിനു കുത്തിപ്പിടിച്ചു മര്‍ദിച്ചു. പിനീട് അക്രമി യുവതിയെ വെട്ടുകയായിരുന്നു. തലയ്ക്കും കഴുത്തിലുമായി മൂന്നു വെട്ടേറ്റ യുവതി ബോധം നഷ്ടപ്പെട്ട്‌ എടിഎം മെഷീനില്‍ ചാരി ഇരുന്നു.

യുവതിയുടെ സ്വര്‍ണമാലയും വളയുമെല്ലാം അഴിച്ചെടുത്തു. തുടര്‍ന്നു ഷട്ടര്‍ തുറന്ന്‌ പുറത്തിറങ്ങി. തൊട്ടുപിന്നാലെ കൗണ്ടറില്‍ പണമെടുക്കാന്‍ എത്തിയ ആളാണു ചോരയില്‍ കുളിച്ച നിലയില്‍ ജ്യോതിയെ കണ്ടെത്തിയത്‌. ഇതിനിടയില്‍ അക്രമി ആന്ധ്രയിലേക്ക് കടന്നതായും സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :