മുസ്ലീങ്ങള്‍ പാഠം പഠിക്കട്ടെയെന്ന് മോഡി പറഞ്ഞു?

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഗുജറാത്ത് കലാപ സമയത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഹിന്ദുക്കള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു എന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍. കലാപ സമയത്ത് നടന്ന ഒരു ഉന്നതതല യോഗത്തില്‍ വച്ച് ‘മുസ്ലീങ്ങള്‍ ഇത്തവണ ഒരു പാഠം പഠിക്കട്ടെ’ എന്ന് മോഡി അഭിപ്രായപ്പെട്ടതായി സഞ്ജീവ് ഭട്ട് എന്ന പൊലീ‍സ് ഓഫീസര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലത്തില്‍ ആരോപിക്കുന്നു.

2002 ഫെബ്രുവരി 27 ന് വിളിച്ചുകൂട്ടിയ ഉന്നതതല യോഗത്തില്‍ വച്ചാണ് കലാപക്കാര്‍ക്ക് അനുകൂലമായ നിലപാട് മോഡി സ്വീകരിച്ചത്. ഭട്ട് ആ സമയത്ത് രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി നോക്കുകയായിരുന്നു. എട്ട് പൊലീസ് ഓഫീസര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഗുജറാത്ത് പൊലീസ് ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ നിഷ്പക്ഷമായ നിലപാടാണ് സ്വീകരിച്ചു വന്നത്. ഇപ്പോള്‍ ഹിന്ദുക്കള്‍ തികച്ചും കോപാകുലരാണ്. അത് പ്രകടിപ്പിക്കാന്‍ ഒരു വഴി വേണം. ഇത്തവണ മുസ്ലീങ്ങള്‍ ഒരു പാഠം പഠിക്കട്ടെയെന്നും നരേന്ദ്രമോഡി പറഞ്ഞതായാണ് ഭട്ട് ആരോപിക്കുന്നത്.

ഇക്കാര്യം ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് (എസ്‌ഐ‌ടി) താന്‍ പറഞ്ഞിരുന്നു. എന്നാല്‍, അവര്‍ ഇക്കാര്യം അന്വേഷിച്ചില്ല എന്ന് മാത്രമല്ല ഇക്കാര്യം സര്‍ക്കാരിന് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മോഡിയെ ചോദ്യം ചെയ്തപ്പോള്‍ എസ്‌ഐ‌ടി ഉദ്യോഗസ്ഥര്‍ മോഡി നല്‍കിയ വിശദീകരണം അതേപോലെ അംഗീകരിക്കുകയായിരുന്നു എന്നും ഭട്ട് കുറ്റപ്പെടുത്തുന്നു.

ഭട്ടിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ ബിജെപിയും കോണ്‍ഗ്രസും പ്രതികരണവുമായി രംഗത്ത് എത്തി. ഭട്ടിന്റെ പ്രതികരണം ശുദ്ധ അസംബന്ധമാണെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍, മോഡിയെ ന്യായികരിക്കുന്നവര്‍ ഭട്ടിന്റെ സത്യവാങ്ങ്‌മൂലം വായിച്ചു നോക്കുന്നത് നന്നായിരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :