മുസാഫര്‍നഗറിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അപ്രതീക്ഷിത സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ഗ്രാമീണര്‍ തടഞ്ഞ് കരിങ്കൊടി കാട്ടി. കലാപബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഇത്.
ഷാംലി ജില്ലയിലെ ക്യാമ്പില്‍നിന്ന് മുസാഫര്‍ നഗറിലേക്ക് മടങ്ങവേയാണ് രാഹുലിനെതിരെ കരിങ്കൊടി കാട്ടിയത്. രാഹുലിന്റെ പൈലറ്റ് വാഹനം വളഞ്ഞ പ്രതിഷേധക്കാര്‍ അദ്ദേഹത്തെ മുന്നോട്ടുപോകാന്‍ അനുവദിച്ചില്ല. സംഭവത്തിനുപിന്നില്‍ സംസ്ഥാനഭരണം കൈയാളുന്ന സമാജ്‌വാദി പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
മുസാഫര്‍നഗര്‍ കലാപത്തിന്റെ ഇരകളായി ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങണമെന്ന് സന്ദര്‍ശനത്തിനിടെ രാഹുല്‍ ആവശ്യപ്പെട്ടു. കലാപകാരികള്‍ ആഗ്രഹിക്കുന്നത് ഇരകള്‍ ഇപ്പോഴും ക്യാമ്പുകളില്‍ തുടരണമെന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സമുദായാംഗങ്ങളുമായി രാഹുല്‍ സംഭാഷണം നടത്തി.
വീടുകളിലേക്ക് തിരിച്ചുപോയാല്‍ വീണ്ടും ആക്രമിക്കപ്പെടുമെന്ന ഭയമുണ്ടെന്ന് ക്യാമ്പിലുള്ളവര്‍ പറഞ്ഞു. കൊല്ലപ്പെട്ട ചിലരുടെ വീടുകളും രാഹുല്‍ സന്ദര്‍ശിച്ചു.