മുജാഹിദീന്‍ ഭീകരരെ കേരളത്തിലെത്തിച്ച് തെളിവെടുക്കും

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരെ കേരളത്തിലെത്തിച്ച് തെളിവെടുക്കും. ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ തഹ്‌സീന്‍ അക്തറിനെയും കൂട്ടാളി വഖാര്‍ അഹമ്മദിനെയുമാണ് കേരളത്തിലെത്തിച്ച് തെളിവെടുക്കുന്നത്. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുളളത്. ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നാറിലാണ് തെളിവെടുപ്പ്. കേരളത്തിന് പുറമെ വാരണാസി, മധ്യപ്രദേശ് തുടങ്ങിയ ഇടങ്ങളിലും ഇവരെ തെളിവെടുപ്പിനായി കൊണ്ട് പോകുന്നുണ്ട്.

പാകിസ്ഥാന്‍ ഭീകരന്‍ വഖാസ് കേരളത്തില്‍ മൂന്നാറിലെ ന്യൂ കോളനി കോട്ടേജിലാണ് താമസിച്ചിരുന്നത്. ഇയാള്‍ മൂന്നാറില്‍ ഒരു വര്‍ഷത്തോളം ഇവിടെ ഒളിവില്‍ താമസിച്ചതായാണ് വിവരം. ഇയാളെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് തഹ്‌സീന്‍ അക്തര്‍ മൂന്നാറിലെത്തിയത്. അതെസമയം വഖാറിനെ മൂന്നാറില്‍ സഹായിച്ച ഡല്‍ഹി സ്വദേശിയെ തിരിച്ചറിഞ്ഞു. മൂന്നാറില്‍ പെട്ടികട നടത്തുന്ന ഒരാളാണ് ഇയാള്‍. എന്നാല്‍ വഖാറിന്റെ അറസ്റ്റിനു ശേഷം ഇയാള്‍ മൂന്നാറില്‍ നിന്ന് മുങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ചയാണ് തെരഞ്ഞെടുപ്പിനിടെ രാജ്യത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ട പാക് ഭീകരന്‍ വഖാസ് ഉള്‍പ്പെടെ നാല് ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളെ പോലീസ് രാജസ്ഥാനില്‍ നിന്ന് അറസ്റ്റുചെയ്തത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ മൂജാഹിദീന്‍ തലവന്‍ 23കാരനായ തഹ്‌സീന്‍ അക്തറിനെ പൊലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :