മഹാരാഷ്ട്രയിലെ ഖേദില്‍ നിയന്ത്രണം വിട്ട ബസ് നദിയിലേക്കു മറിഞ്ഞ് 37 പേര് മരിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് ജഗ്ബുധി നദിയിലേക്ക് ബസ് മറിഞ്ഞത്. ബസില്‍ 60 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഗോവ -മുംബൈ ദേശീയപാതയിലാണ് അപകടം നടന്നത്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ രത്നഗിരി ജില്ലയിലാണ് അപകടം നടന്ന സ്ഥലം.
ഗോവയില്‍ നിന്നു മുംബൈയിലേക്കു വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസ് പാലത്തില്‍ നിന്നു നദിയിലേക്കു മറിയുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് പൊലീസ് അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഉയരാനിടയുണ്ട്. പരുക്കേറ്റവരെ ഖേദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ ബസ് ഡ്രൈവറും ഉള്‍പ്പെടുന്നു. ഇയാള്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയതായി പൊലീസ് അറിയിച്ചു.