കമലഹാസന്‍ ചിത്രം ‘വിശ്വരൂപം’ മുസ്ലിം വികാരം വ്രണപ്പെടുത്തി എന്ന രീതിയിലുള്ള പ്രതിഷേധങ്ങള്‍ നിയമയുദ്ധത്തിലേക്ക് പോലും വഴിതുറന്നിരുന്നു. ഈ വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പെ മറ്റൊരു സിനിമ കൂടി തമിഴ്നാട്ടില്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മണിരത്നം സംവിധാനം ചെയ്ത ‘കടല്‍” എന്ന സിനിമയ്ക്കെതിരെ പ്രതിഷേധവുമായി ക്രിസ്ത്യന്‍ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.
ക്രൈസ്തവ വികാരം വൃണപ്പെടുത്തുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട് എന്നാണ് പ്രതിഷേധക്കാരുടെ വാദം. സംവിധായകനെതിരെ അവര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.
ക്രിസ്ത്യന്‍ വിശ്വാസത്തിനെതിരായ ദൃശ്യങ്ങളും സംഭാഷണങ്ങളും ഉള്‍പ്പെടുന്ന ആറ് രംഗങ്ങള്‍ എഡിറ്റ് ചെയ്ത് കളയണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന ഈ മണിരത്നം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ്താരം കാര്‍ത്തിക്കിന്റെ മകന്‍ ഗൌതം കാര്‍ത്തിക് ആണ് ചിത്രത്തില്‍ നായകന്‍. നായിക പഴയകാല നായിക രാധയുടെ മകള്‍ തുളസി നായര്‍. ഒരു കടലോരഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ സംഗീതം എ ആര്‍ റഹ്‌മാന്‍ ആണ്.