പിണങ്ങിപ്പോയ ഭാര്യയ്ക്കെതിരെ 115 കേസുകള്‍ കൊടുത്തതിന് അഭിഭാഷകനെ കോടതി താക്കീത് ചെയ്തു. മുംബൈ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് നസിറുദ്ദീന്‍ നിസാമുദ്ദീന്‍ കാസി എന്നയാളെ നിയമനടപടികളില്‍ നിന്ന് വിലക്കിയത്. പൂനെയിലെ ഒരു കോടതിയിലെ അസിസ്‌റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ ഭാര്യ കിഷ്വറിനെതിരെയാണ് കാസി കേസുകളുടെ ഒരു പരമ്പര തന്നെ കൊടുത്തത്.
ഇനി നിയമനടപടിക്ക് മുതിരരുതെന്ന് കോടതി ഇയാള്‍ക്കു മുന്നറിയിപ്പ് നല്‍കി. കാസിയെ ഉപദ്രവകാരിയായ അന്യായക്കാരനായി കണക്കാക്കുന്നതിനായി മഹാരാഷ്‌ട്ര അഡ്വക്കേറ്റ് ജനറലില്‍ നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. എന്നാല്‍ ഇതിന്റെ വാദം ജൂണിലേക്ക് മാറ്റി.
കിഷ്വര്‍ എഴുതി അയച്ചതെന്ന് പറയപ്പെടുന്ന 115 കത്തുകള്‍ക്കെതിരെയാണ് കാസി മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്തത്. എന്നാല്‍ കിഷ്വര്‍ ഇത് നിഷേധിക്കുന്നു. സ്ത്രീധനപീഡനത്തിന്റെ പേരില്‍ താന്‍ പരാതി നല്‍കിയതിന് ശേഷമാണ് കാസി തനിക്കെതിരെ കേസ് കൊടുത്തു തുടങ്ങിയതെന്ന് ഇവര്‍ പറയുന്നു.
ഭാര്യയുടെ പരാതി ഒത്തുതീര്‍പ്പാക്കണം എന്നായിരുന്നു കാസിയുടെ ആവശ്യം. എന്നാല്‍ വിവാഹമോചനം വേണമെന്ന് കിഷ്വര്‍ നിര്‍ബന്ധം പിടിച്ചു. 115 കേസുകളില്‍ 20 എണ്ണം മാത്രമാണ് കോടതി പരിഗണിച്ചതെന്ന് കാസി തന്നെ പറയുന്നു. ഒരു വ്യക്തിക്ക് നേരെയോ അല്ലെങ്കില്‍ പലവ്യക്തികള്‍ക്ക് എതിരെയോ അകാരണമായി തുടരെത്തുടരെ കേസുകള്‍ കൊടുക്കുന്നയാളെ വിലക്കാന്‍ നിയമം നിലവിലുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.
കോടതിയുടെ അനുവാദത്തോടെ മാത്രമേ പിന്നീട് പുതിയ കേസ് ഫയല്‍ ചെയ്യാന്‍ സാധിക്കൂ. നിരന്തരം കേസു കൊടുക്കുന്നത് കോടതിയെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണ്. കോടതിയെ ഇടപെടുത്താതെ പരസ്പര ധാരണയിലെത്താന്‍ ദമ്പതികള്‍ക്ക് സാധിക്കുമോ എന്നും കോടതി ആരാഞ്ഞിട്ടുണ്ട്.