ബോഫോഴ്സ്: സത്യം പുറത്തുവന്നുവെന്ന് ബച്ചന്‍ കുടുംബം
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
കോളിളക്കം സൃഷ്ടിച്ച ബോഫോഴ്‌സ് കേസില്‍ വീണ്ടും നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. ബോഫോഴ്‌സ് ആയുധ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ഒക്‌ടാവിയ ക്വത്‌റോച്ചിയെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി സംരക്ഷിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. സ്വീഡീഷ് മുന്‍ പൊലീസ് തലവന്‍ സ്‌റ്റെന്‍ ലിന്‍ഡ്‌സ്ട്രോമിനാണ് ഒരു അഭിമുഖത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആയുധ ഇടപാടില്‍ രാജീവ് ഗാന്ധിയോ സ്വീഡീഷ് മുന്‍ പ്രധാനമന്ത്രി ഒളോഫ് പാമക്കോ കോഴ വാങ്ങിയതിന് തെളിവില്ലെന്നും ലിന്‍ഡ്‌സ്ട്രോം പറയുന്നുണ്ട്. വ്യക്തമായ തെളിവുണ്ടായിട്ടും ക്വത്‌റോച്ചിയെ സംരക്ഷിക്കാനാണ് രാജീവ് ഗാന്ധി ശ്രമിച്ചത്. ക്വത്‌റോച്ചിയുടെ അക്കൗണ്ടില്‍ കോഴപ്പണം എത്തിയതിന് തെളിവുകള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവരെ കേസിലെ വലിച്ചിഴച്ചു. എന്നാല്‍ ബച്ചനും കുടുംബത്തിനും കേസില്‍ ഒരു പങ്കുമില്ലായിരുന്നു. സ്വീഡനിലെ നിയമങ്ങള്‍ ലംഘിച്ചായിരുന്നു ഇടപാട്. കേസില്‍ നിരപരാധികളാണ് ശിക്ഷിക്കപ്പെട്ടതെന്നും ലിന്‍ഡ്‌സ്ട്രോം പറഞ്ഞു.
അതേസമയം ലിന്‍ഡ്‌സ്ട്രോമിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് ബച്ചന്‍ കുടുംബം പരസ്യമായി പ്രതികരിച്ചു. ദൈവം വലിയവനാണെന്നും ഒടുവില്‍ സത്യം പുറത്തുവന്നു എന്നും ജയ ബച്ചന്‍ ഒരു ചാനലിനോട് പ്രതികരിച്ചു. മണിക്കൂറുകളും മാസങ്ങളും വര്‍ഷങ്ങളും നീണ്ട കുറ്റപ്പെടുത്തല്‍ മനസ്സിലാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അമിതാഭ് ബച്ചന്‍ ബ്ലോഗിലൂടെ പ്രതികരിച്ചു. 25 വര്‍ഷം നീണ്ട മാനസിക വിഷമമായിരുന്നു അത്.
1986-ലെ ബോഫോഴ്‌സ് ഇടപാട് സംബന്ധിച്ച രഹസ്യരേഖകള്‍ മാധ്യമപ്രവര്‍ത്തകയായ ചിത്ര സുബ്രഹ്‌മണ്യത്തിന് കൈമാറിയത് ലിന്‍ഡ്‌സ്ട്രോം ആയിരുന്നു. 350 ഓളം രേഖകള്‍ അദ്ദേഹം കൈമാറിയിരുന്നു.