അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിറങ്ങുന്ന ബി ജെ പി നേതാക്കളുടെ പട്ടികയില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടേയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടേയും പേരുകള്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരത്തിനായി ബി ജെ പി സമര്‍പ്പിച്ച പട്ടികയിലാണ് പേരുകള്‍ ഉള്ളത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഗുരുതര അസുഖബാധിതനായി കഴിയുന്ന വാജ്പേയിയുടെ പേരാണ് പട്ടികയില്‍ ആദ്യത്തേത്. സഖ്യ കക്ഷിയായ ജെഡി(യു) വിന്റെ എതിര്‍പ്പുകളേത്തുടര്‍ന്ന് ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് അകന്നുനിന്ന മോഡിയുടെ പേരും പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഉത്തര്‍പ്രദേശിലെ പ്രചാരണത്തില്‍ നിന്ന് മോഡി വിട്ടുനില്‍ക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബദ്ധശത്രുവായ സഞ്ജയ് ജോഷിയാണ് യു പിയില്‍ പാര്‍ട്ടിയുടെ പ്രചാരണ ചുമതല വഹിക്കുന്ന പ്രധാനികളില്‍ ഒരാള്‍ എന്നത് തന്നെ കാരണം.
എല്‍ കെ അദ്വാനി, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, മുരളി മനോഹര്‍ ജോഷി എന്നീ പ്രമുഖ നേതാക്കളെല്ലാം പട്ടികയില്‍ ഉണ്ട്.