ബിനായക് സെന്നിന് ഉപാധികളില്ലാതെ ജാമ്യം

ന്യൂഡല്‍ഹി| WEBDUNIA|
PRO
പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്നിന് സുപ്രീംകോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. ഉപാധികള്‍ ഇല്ലാതെയാണ് ജാമ്യം അനുവദിച്ചത്. ബിനായ് സെന്നിന് ജാമ്യം അനുവദിക്കരുത് എന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി തള്ളി. സെന്നിന് അനുകൂലമായുള്ള സഹതാപ തരംഗം കണ്ടില്ല എന്ന് നടിക്കാനാവില്ല എന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിരീക്ഷണം നടത്തി.

ബിനായക് സെന്നിനെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന തെളിവുകള്‍ നിലനില്‍ക്കത്തക്കതല്ല എന്ന് ബിനായക് സെന്നിന്റെ അഭിഭാഷകന്‍ വാദിച്ചു. സെന്നിന്റെ പക്കല്‍ നിന്ന് രഹസ്യ രേഖകള്‍ ഒന്നും പിടിച്ചെടുത്തിട്ടില്ല, സാധാരണ എല്ലാവരുടെയും കൈവശമുള്ള രേഖകളാണ് സര്‍ക്കാര്‍ പിടിച്ചെടുത്തിരിക്കുന്നത്. സെന്‍ നക്സലുകളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് എന്നതിന് തെളിവുകള്‍ ഒന്നും ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല എന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

സെന്നിനെതിരെ ശക്തമായ തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ജീവപര്യന്തം തടവ് നല്‍കിയതിനെ കുറിച്ച് സുപ്രീംകോടതി ചോദ്യം ഉന്നയിച്ചിട്ടുണ്ട്. സെന്നിനെ ഛത്തീസ്ഗഡില്‍ കടക്കാന്‍ അനുവദിക്കരുത് എന്ന സര്‍ക്കാരിന്റെ വാദവും ജാമ്യം അനുവദിക്കുന്ന വേളയില്‍ സുപ്രീംകോടതി തള്ളി.

നക്സല്‍ ബന്ധം ആരോപിച്ച് 2007 ല്‍ ആണ് ബിനായക് സെന്നിനെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹ കുറ്റം ചുമത്തിയ സെന്നിന് കഴിഞ്ഞ വര്‍ഷമാണ് വിചാരണ കോടതി ജീവപര്യന്തം തടവ് ശിക്ഷ നല്‍കിയത്. സെന്‍ ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :