ബസില്‍ മൂന്നുപേരെ കൊന്നത് ആട് ആന്‍റണിയല്ല

ചെന്നൈ| WEBDUNIA|
PRO
ആന്ധ്രാപ്രദേശില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന ബസില്‍ മൂന്നുപേരെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണി നിരപരാധിയാണെന്ന് ബോധ്യമായി. ഈ കൂട്ടക്കൊലയിലെ യഥാര്‍ത്ഥ പ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഈസ്റ്റ് ഗോദാവരി സ്വദേശി ഡി ശ്രീനിവാസ റാവു(33) ആണ് അറസ്റ്റിലായത്. കൊലപാതകത്തിനുപയോഗിച്ച കത്തി ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഒരു യുവതിയെ കഴിഞ്ഞ വര്‍ഷം പീഡിപ്പിച്ച കേസിലെ പ്രതിയാണ് ശ്രീനിവാസ റാവു. പീഡനക്കേസ് അന്വേഷിച്ച പൊലീസ് ഇന്‍സ്പെക്ടറോടുള്ള വിരോധമാണ് കൂട്ടക്കൊലയ്ക്ക് പ്രേരകമായത്. കൊലപാതകങ്ങള്‍ക്ക് തൊട്ടുമുമ്പ് ഈ ഇന്‍സ്പെക്ടര്‍ക്ക് ശ്രീനിവാസ റാവു എസ് എം എസ് അയച്ചിരുന്നു. ഈ എസ് എം എസ് പിന്തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

ആന്ധ്ര - തമിഴ്നാട് അതിര്‍ത്തിയില്‍, നെല്ലൂര്‍ ജില്ലയിലെ തടയില്‍, ജൂലൈ 26നായിരുന്നു സംഭവം. ഭദ്രാചലത്തുനിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ബസിലാണ് കൂട്ടക്കൊല അരങ്ങേറിയത്. സഹയാത്രക്കാരായ നാലുപേരെ കുത്തിവീഴ്ത്തിയ ശേഷം ശ്രീനിവാസ റാവു രക്ഷപ്പെടുകയായിരുന്നു. യാത്രക്കാരുടെ അലര്‍ച്ച കേട്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തി ലൈറ്റ് ഇട്ടപ്പോഴാണ് കൊലയാളി ബസില്‍ നിന്ന് ഓടിയിറങ്ങി ഇരുട്ടില്‍ മറഞ്ഞത്.

ആന്ധ്ര സ്വദേശികളായ ഉത്‌പല നിരഞ്ജന്‍(36), കോരാപ്പട്ടി രാം‌ബാബു(50), ഒഡീഷയിലെ മല്‍ക്കാം‌ഗിരി സ്വദേശിയായ അജയ് ബിശ്വാസ്(25) എന്നിവരാണ് മരിച്ചത്. ചെന്നൈ ടി സി എസ് കമ്പനിയില്‍ സോഫ്റ്റുവെയര്‍ എഞ്ചിനീയറായ ജുവ്വാല രമേഷിന്(30) പരുക്കേറ്റിരുന്നു.

കൊലയാളി മലയാളം സംസാരിച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആദ്യം ആട് ആന്‍റണിയിലേക്ക് നീണ്ടത്. പൊലീസുകാരനെ കൊന്ന ശേഷം കേരളത്തില്‍ നിന്ന് രക്ഷപ്പെട്ട ആട് ആന്‍റണി ആ സമയത്ത് ആന്ധ്രയിലുണ്ടായിരുന്നു എന്നതും ആന്‍റണിയെ സംശയിക്കാന്‍ ഇടയാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :