ബലാത്സംഗം നടന്നിട്ടില്ലെന്ന് നാഗാലാന്‍ഡ് സര്‍ക്കാര്‍, നടന്നത് സമ്മതത്തോടെയുള്ള ലൈംഗികബന്ധം

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 11 മാര്‍ച്ച് 2015 (18:34 IST)
ജയിലില്‍ നിന്ന് ബലാത്സംഗപ്രതിയെ മോചിപ്പിച്ച് നാട്ടുകാര്‍ കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നാഗാലാന്‍ഡ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നടന്നത് ബലാത്സംഗം അല്ലെന്നും ഇരുവരുടെയും സമ്മതത്തോടെയുള്ള ലൈംഗികബന്ധമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടുതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം സയിദ് ശരിഫ് ഖാന്‍ പെണ്‍കുട്ടിക്ക് 5000 രൂപ നല്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയെ ജനക്കൂട്ടം കൈയേറ്റം ചെയ്യുന്നതിന് മുമ്പായി ഇയാള്‍ നടത്തിയ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 48 പേരെ അറസ്റ്റ് ചെയ്തു കഴിഞ്ഞു. മാര്‍ച്ച് അഞ്ചിനായിരുന്നു ദിമാപുരിലെ സെന്‍ട്രല്‍ ജയില്‍ തകര്‍ത്ത് സയിദ് ശരിഫ് ഖാനെ മോചിപ്പിച്ച് നാട്ടുകാര്‍ ഇയാളെ പരസ്യമായി കൊലപ്പെടുത്തിയത്. അയല്‍ക്കാരിയായ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഫെബ്രുവരി 24നായിരുന്നു സയിദ് ശരീഫ് ഖാന്‍ അറസ്റ്റിലായത്.

എന്നാല്‍, ഒരാഴ്ച കഴിഞ്ഞ് ഒരു പ്രാദേശിക പത്രം വാര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ജില്ല ഭരണാധികാരികളെ കണ്ട് പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുണ്ടായില്ല. തുടര്‍ന്നാണ് ഇയാളെ ജയില്‍ ആക്രമിച്ച് നാട്ടുകാര്‍ മോചിപ്പിച്ചതും തല്ലിക്കൊന്നതും. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനാണ് പ്രതിയെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട നാഗാലാന്‍ഡില്‍ ഇന്‍റര്‍നെറ്റിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ വഴി പ്രചരിക്കുന്നത് ഒഴിവാക്കാനാണ് ഇന്‍റര്‍നെറ്റ് റദ്ദാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :