ബജറ്റ് സമ്മേളനം തുടങ്ങുന്നു; ആഞ്ഞടിക്കാന്‍ പ്രതിപക്ഷം കാത്തിരിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കം. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ആഞ്ഞടിക്കാന്‍ പ്രതിപക്ഷത്തിന് നിരവധി അവസരങ്ങളാണ് ബജറ്റ് സമ്മേളനത്തില്‍ ഒരുങ്ങുന്നത്. ഹെലികോപ്ടര്‍ ഇടപാട്, ഇന്ധന വില വര്‍ധന, ട്രേഡ് യൂണിയന്‍ സംഘടനകളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക്, പി ജെ കുര്യന്‍ വിഷയം തുടങ്ങി ഒട്ടേറെ വിഷയങ്ങളാണ് പ്രതിപക്ഷം ആയുധമാക്കുക. ഫെബ്രുവരി 26ന് റെയില്‍‌വെ ബജറ്റ് അവതരണം നടക്കും. ഫെബ്രുവരി 28നാണ് പൊതുബജറ്റ് അവതരിപ്പിക്കുക.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആദ്യ നയപ്രഖ്യാപനത്തോടെ ആയിരിക്കും സമ്മേളനത്തിന് തുടക്കമാകുക. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 22 വരെയാണ്. രണ്ടാം ഘട്ടം ഏപ്രില്‍ 22 മുതല്‍ മേയ് 10 വരെ നടക്കും. ഫെബ്രുവരി 27നായിരിക്കും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിക്കുക. 2014ന് രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനാല്‍ ജനപ്രിയ ബജറ്റ് ആയിരിക്കും അവതരിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്‌ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനുളള നിയമം, ലോക്പാല്‍ ബില്‍, വനിതാ സംവരണ ബില്‍ തു‌ടങ്ങി പല സുപ്രധാന ബില്ലുകളും പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരും.

കുര്യന്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ബിജെപിയും ഇടതുപാര്‍ട്ടികളും വ്യക്തമാക്കിയതാണ്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ സമ്മേളനം ആണിത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുലിനെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസില്‍ കരുനീക്കങ്ങള്‍ നടക്കുന്നതായി സൂചനകളുണ്ട്. അതിനാല്‍ രാഹുലിനെയും പ്രതിപക്ഷം ലക്ഷ്യമിട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബജറ്റ് സമ്മേളനം സുഗമമായി നടത്താന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കഴിഞ്ഞ ദിവസം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :