പ്രണാബിനെ കുറിച്ച് യുഎസ് ആശങ്കപ്പെട്ടിരുന്നു: വിക്കി
ന്യൂഡല്‍ഹി|
WEBDUNIA|
PTI
വിശ്വാസവോട്ട് നേടിയെടുക്കാന്‍ ഒന്നാം യു പി എ സര്‍ക്കാര്‍ കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെ വീണ്ടും വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. പ്രണാബ് മുഖര്‍ജി ഇന്ത്യയുടെ ധനമന്ത്രിപദം കൈകാര്യം ചെയ്യുന്നതില്‍ അമേരിക്ക ഉത്കണ്ഠപ്പെട്ടിരുന്നതായി വിക്കിലീക്സിന്റെ പക്കലുള്ള നയതന്ത്ര കേബിള്‍ വ്യക്തമാക്കുന്നു.
2009-ല്‍ മന്മോഹ്ന്‍ സിംഗിന്റെ നേതൃത്വത്തില്‍ യു പി എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയപ്പോഴായിരുന്നു ഇത്. ഇന്ത്യയുടെ ധനകാര്യമന്ത്രാലയത്തിന്റെ തലപ്പത്ത് എത്തുന്ന വ്യക്തി ആരായിരിക്കുമെന്ന കാര്യത്തില്‍ ഒബാമ ഭരണകൂടം ആശങ്കപ്പെട്ടിരുന്നു എന്നാണ് വിക്കിലീക്സ് വ്യാഴാഴ്ച വെളിപ്പെടുത്തിയത്. അമേരിക്കയിലെ ഒരു പ്രമുഖ ദിനപത്രമാണ് ഇത് പുറത്തുകൊണ്ടുവന്നത്. 2009 സെപ്തംബറില്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റന്‍ ഇതു സംബന്ധിച്ച് ഡല്‍ഹിയിലെ യു എസ് എംബസിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
വ്യവസായ സ്ഥാപനങ്ങള്‍, ബിസിനസ്സുകാര്‍ എന്നിവരുമായി പ്രണാബിന് ബന്ധമുണ്ടോയെന്നും ബജറ്റുകളില്‍ അദ്ദേഹം ഏതൊക്കെ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിച്ചത്. ഇന്ത്യയിലെ രാഷ്‌ട്രീയ-സാമ്പത്തിക സാഹചര്യങ്ങള്‍ വിശദമായി മനസ്സിലാക്കുന്നതിനുള്ള ഒരു ചോദ്യാവലി തന്നെ യു എസ് എംബസിക്ക് തയ്യാറാക്കി അയച്ചുകൊടുത്തിരുന്നു.
പി ചിദംബരം വീണ്ടും ധനമന്ത്രി ആകാത്തതിന്റെ കാരണവും ഇതെക്കുറിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അഭിപ്രായവും ചോദ്യാവലിയില്‍ ആരാഞ്ഞിട്ടുണ്ട്. പ്ലാനിംഗ് കമ്മിഷന്‍ ഉപാധ്യക്ഷനായ മൊണ്ടേക് സിംഗ് അലുവാലിയയെ ധനമന്ത്രിയായി പരിഗണിക്കാത്തതിന്റെ കാരണവും അമേരിക്ക അന്വേഷിച്ചിരുന്നു.
പ്രണാബും അലുവാലിയയും തമ്മിലുള്ള താരതമ്യപ്പെടുത്തലുകളും, ഇന്ത്യയിലെ രാഷ്‌ട്രീയ കാലാവസ്ഥ പ്രണാബിന് അനുകൂലമായി ഭവിച്ചതെങ്ങനെയെന്നും അമേരിക്ക ചോദിക്കുന്നു. റിസര്‍വ് ബാങ്കും ധനമന്ത്രാലയവും തമ്മിലുള്ള ബന്ധം, ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ പ്രണാബിന്റെ പങ്ക്, യു എസ്- ചൈന സാമ്പത്തിക ബന്ധത്തെക്കുറിച്ച് ഇന്ത്യയുടെ നിലപാട് എന്നീ കാര്യങ്ങളിലും അമേരിക്ക ആശങ്കപ്പെട്ടിരുന്നു. ആനന്ദ് ശര്‍മ, കമല്‍ നാഥ് എന്നീ മന്ത്രിമാരെക്കുറിച്ചും അന്വേഷണം നടത്തിയിരുന്നു.
ഇന്ത്യയുടെ സാമ്പത്തിക മേഖല അമേരിക്ക സദാ നിരീക്ഷിച്ചുവരികയാണെന്നും വിക്കീലീക്സ് വെളിപ്പെടുത്തുന്നു.