11കാരിയെ കൂട്ടുകാരുടെ അമ്മമാര്‍ തീവെച്ചു കൊന്നു. ഒറീസയിലെ ബലിനാലി ഗ്രാമത്തിലെ റിങ്കി ബെഹ്‌റയെയാണ് തീവെച്ച് കൊന്നത്.
റിങ്കിയും മറ്റ് രണ്ട് പെണ്‍കുട്ടികളും ചേര്‍ന്ന് വീടിനടുത്തുള്ള തോട്ടത്തില്‍ നിന്നും മാതളനാരങ്ങ മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് തോട്ടം ഉടമ റിങ്കിയെ പിടികൂടുകയായിരുന്നു. തന്നോടൊപ്പമുള്ള കൂട്ടുകാരുടെ പേരുവിവരങ്ങള്‍ റിങ്കി തോട്ടക്കാരനോട് പറഞ്ഞു. ഈ വിവരമറിഞ്ഞ കൂട്ടുകാരുടെ അമ്മമാര്‍ റിങ്കിയുടെ വീട്ടില്‍ ചെല്ലുകയും തങ്ങളുടെ മക്കളുടെ പേര് പറഞ്ഞതിനെച്ചൊല്ലി റിങ്കിയോട് വഴക്കിടുകയും ചെയ്തു.
ഇതേസമയം റിങ്കി വീട്ടില്‍ തനിച്ചായിരുന്നു. വഴക്കിനൊടുവില്‍ കൂട്ടുകാരുടെ അമ്മമാര്‍ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ റിങ്കിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.
നിലവിളി കേട്ട് പ്രദേശവാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പരിപൂര്‍ണമായും പൊള്ളലേറ്റ പെണ്‍കുട്ടി മരിക്കുകയായിരുന്നു. അമ്മമാര്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസ് റജിസ്റ്റര്‍ ചെതിട്ടുണ്ട്.