പെട്രോള്‍‌പമ്പ് ഉടമകള്‍ സമരം പിന്‍വലിച്ചു

കൊച്ചി| WEBDUNIA|
PRO
PRO
സംസ്ഥാനത്ത് പെട്രോള്‍‌പമ്പ് ഉടമകള്‍ നാളെ നടത്താനിരുന്ന സമരം പിന്‍വലിച്ചു. പമ്പുടമകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടാണ് സമരം പിന്‍വലിച്ചത്. സംസ്ഥാനത്തെ 1720 പമ്പുകളായിരുന്നു വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം പ്രഖ്യാപിച്ചിരുന്നത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

ഇന്ധനത്തിന്റെ ബാഷ്പീകരണം മൂലം പമ്പുടമകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറാവണം, വന്‍കിട ഫ്ലാറ്റുകള്‍ക്കും മറ്റും ബാധകമാകുന്ന നിയമങ്ങള്‍ പമ്പുകള്‍ക്ക് ബാധകമാക്കരുത്, മാനദണ്ഡങ്ങളില്ലാതെ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നത് തടയണം തുടങ്ങിയവയായിരുന്നു പമ്പുടമകള്‍ മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങള്‍.

മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ മാനദണ്ഡങ്ങളില്ലാതെ പുതിയ പമ്പുകള്‍ക്ക് എന്‍ഒസി നല്‍കുന്നതില്‍ നിയന്ത്രണം കൊണ്ടു വരുമെന്ന് പമ്പുടമകള്‍ക്ക് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്‍മാറുന്നത്. എണ്ണ കമ്പനികളുമായി ആലോചിച്ച് പുതിയ പമ്പുകള്‍ക്ക് എന്‍ഒസി നല്‍കുന്നതിന് മാനദണ്ഡങ്ങള്‍ നിര്‍ണയിക്കും തുടങ്ങിയവയാണ് ചര്‍ച്ചയില്‍ ഉടലെടുത്ത പ്രധാന തീരുമാനങ്ങള്‍.

ഫാക്ടറികള്‍ക്കുള്ള നിബന്ധനകള്‍ പമ്പുകള്‍ക്കും ബാധകമാക്കിയിരിക്കുന്നത് കേരളത്തില്‍ മാത്രമാണെന്നും പമ്പുടമകള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും തീരുമാനമായതായി വിവരമില്ല. രാജ്യവ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നെങ്കിലും ക്രിസ്തുമസ്, ശബരിമല സീസണ്‍ പ്രമാണിച്ച് കേരളത്തിലെ സമരം വ്യാഴാഴ്ചത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :