കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഭേദഗതികളോടെയുള്ള ലോക്പാല്‍ ബില്ലിനെ പിന്തുണച്ച് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും അണ്ണാ ഹസാരെ സംഘാംഗവുമായ കിരണ്‍ ബേദി. പുതിയ ബില്‍ നിലവിലുള്ള ആശങ്കകള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്നും പുരോഗതിയിലേക്കുള്ള ചുവടുവയ്പ്പാണ് ഇതെന്നുമാണ് കിരണ്‍ ബേദി അഭിപ്രായപ്പെട്ടത്.
അണ്ണാ ഹസാരെയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും പുതിയ ബില്ലിനെതിരെ രംഗത്തെത്തിയപ്പോഴാണ് കിരണ്‍ ബേദിയുടെ ഈ ചുവടുമാറ്റം.
ലോക്പാല്‍ നിയമഭേദഗതി ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ചയാണ് അംഗീകാരം നല്‍കിയത്. രാജ്യസഭാ സെലക്ട് കമ്മറ്റി നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ക്യാബിനറ്റ് അംഗീകരിക്കുകയായിരുന്നു. നിര്‍ദ്ദേശിക്കപ്പെട്ട16 നിര്‍ദ്ദേശങ്ങളില്‍ 14 എണ്ണവും അംഗീകരിച്ചു. ബജറ്റ് സമ്മേളനത്തില്‍ ബില്‍ രാജ്യസഭയില്‍ വോട്ടിനിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങളില്‍ ലോകായുക്ത നിയമനത്തിനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതാണ് ഒരു സുപ്രധാന മാറ്റം. മത-രാഷ്ട്രീയ സംഘടനകളെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റ് സര്‍ക്കാര്‍ ഇതര സംഘടനകള്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടും. ലോക്പാല്‍ നിയമനത്തിനുള്ള സമിതിയില്‍ മുതിര്‍ന്ന നിയമവിദഗ്ധരെയും ഉള്‍പ്പെടുത്തും. സിബിഐ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമനത്തിനുള്ള അധികാരം ചീഫ് വിജിലന്‍സ് കമ്മീഷണര്‍ക്കായിരിക്കുമെന്നും പുതുക്കിയ ബില്ലിലുണ്ട്.