തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്‌കേസില്‍ ഒരു യുവതിയുടെ ശിരസ്സും ഒരു പിഞ്ചു കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി. വില്ലുപുരം ജില്ലയിലെ ശങ്കരപുരം ബസ് ഡിപ്പോയില്‍ വച്ച് ബുധനാഴ്ചയാണ് സ്യൂട്ട്‌കേസ് കണ്ടത്.
സേലത്തിനും ചെന്നൈയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ബസ് ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് ശങ്കരപുരത്ത് എത്തിയത്. ബസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട സ്യൂട്ട്‌കേസ് ഡ്രൈവര്‍ ഡിപ്പോയില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍, സ്യൂട്ട്‌കേസില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധിച്ച അധികൃതര്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു.
സ്യൂട്ട്‌കേസ് തുറന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയുടെ ശിരസ്സും ഒരു കുഞ്ഞിന്റെ മൃതദേഹവും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. തമിഴ്നാട് സ്വദേശികളാണ് കൊല്ലപ്പെട്ടത് എന്ന നിഗമനത്തിലാണ് പൊലീസ്.