പര്‍ദ്ദ ധരിക്കുന്നവര്‍ക്ക് വോട്ടര്‍ കാര്‍ഡില്ല

ന്യൂഡല്‍ഹി| WEBDUNIA|
സ്ത്രീകളുടെ പര്‍ദ്ദ ധരിച്ചുള്ള ഫോട്ടോ വോട്ടര്‍ ഐഡിക്ക് പരിഗണിക്കാനാവില്ല എന്ന് സുപ്രീംകോടതി. മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ മാറ്റുന്നത് മതവിരുദ്ധമാണെന്ന വാദം തള്ളിക്കളഞ്ഞുകൊണ്ടാണ് കോടതി ഉത്തരവിട്ടത്.

മുസ്ലീം സ്ത്രീകളുടെ പര്‍ദ്ദ മാറ്റിയുള്ള ഫോട്ടോ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും ഏജന്റുമാരും കാണുമെന്നതിനാല്‍ അത് മതവിരുദ്ധമാവുമെന്ന് അഭിഭാഷകന്‍ എം അജാം ഖാന്‍ സുപ്രീംകോടതിക്കു മുന്നില്‍ വാദിച്ചു. അതിനാല്‍, പര്‍ദ്ദ ധരിച്ച സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പ് ഐഡി നല്‍കില്ല എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് മാറ്റണമെന്നും ഖാന്‍ വാദിച്ചു. ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍, ജസ്റ്റിസ് ദീപക് വര്‍മ്മ എന്നിവരടങ്ങിയ ബഞ്ചാണ് വാദം കേട്ടത്.

എന്നാല്‍, പരാതിക്കാര്‍ക്ക് കടുത്ത മതവികാരമാണ് ഉള്ളതെങ്കിലും പൊതുജനങ്ങളെ കാണാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കിലും വോട്ട് ചെയ്യാന്‍ പോകേണ്ട എന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. പര്‍ദ്ദ ധരിച്ച് വോട്ട് ചെയ്യാനാവില്ല അത് വോട്ടര്‍മാരെ തിരിച്ചറിയുന്നതില്‍ പ്രശ്നമുണ്ടാക്കുമെന്നും കോടതി പറഞ്ഞു.

നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് വോട്ടവകാശം നല്‍കില്ല എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നയത്തെ ഉയര്‍ത്തിക്കാട്ടിയ മദ്രാസ് ഹൈക്കോടതി വിധിയില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല എന്നും സുപ്രീംകോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി മീനാക്ഷി അരോരയാണ് ഹാജരായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :