ബിജെപിയെ കുഴിച്ചു മൂടുമെന്ന് കല്യാണ്‍

PRATHAPA CHANDRAN| Last Modified ബുധന്‍, 4 ഫെബ്രുവരി 2009 (14:46 IST)
ലക്നൌ: മുസ്ലീം സമുദായം ബിജെപിക്കാണ് എതിരെന്നും തനിക്ക് എതിരല്ലെന്നും തന്‍റെ ലക്‍ഷ്യം ബിജെപിയെ കുഴിച്ചുമൂടുക എന്നതാണെന്നും ബിജെപിയില്‍ നിന്ന് രാജിവച്ച ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് ബുധനാഴ്ച പറഞ്ഞു.

താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എല്ലാവര്‍ക്കും വേണ്ടിയാണ് ഭരണം നടത്തിയത്. മുസ്ലീങ്ങളോട് വേര്‍തിരിവ് കാണിച്ചിട്ടില്ല എന്ന് അവര്‍ക്ക് വ്യക്തമാണ്. ബിജെപിയില്‍ നിന്ന് രാജിവച്ചപ്പോള്‍ ഹിന്ദുക്കളില്‍ നിന്ന് മാത്രമല്ല ധാരാളം മുസ്ലീങ്ങളില്‍ നിന്നും ടെലഫോണ്‍ സന്ദേശങ്ങളും കത്തുകളും ലഭിച്ചു. മുസ്ലീങ്ങള്‍ എന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്തു എന്നും കല്യാണ്‍ സിംഗ് പറഞ്ഞു.

ജാതിയിലും മതത്തിലും അടിസ്ഥാനമായുള്ള രാഷ്ട്രീയം രാജ്യത്ത് വിഭാഗീയ ചിന്താഗതിയുണ്ടാക്കും. ബിജെപി മുസ്ലീങ്ങളെ മാത്രമല്ല ഹിന്ദുക്കളെയും വഞ്ചിച്ചു.

സമാജ്‌വാദി പാര്‍ട്ടി നേതാവും താനുമായുള്ള സൌഹൃദത്തെ മുസ്ലീങ്ങളും ഹിന്ദുക്കളും ഒരുപോലെ സ്വാഗതം ചെയ്യുകയാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി ഉണ്ടാവുമെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ മായാവതിയുടെ രാഷ്ട്രീയ ഭീകരതയ്ക്ക് അവസാനമാവും എന്നും കല്യാണ്‍ സിംഗ് പറഞ്ഞു.

മുലായം സിംഗ് യാദവും കല്യാണ്‍ സിംഗുമായി കൂടുതല്‍ അടുക്കുന്നതിനെ കുറിച്ച് സമാജ്‌വാദി പാര്‍ട്ടി എം പിമാര്‍ അടുത്തകാലത്ത് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കല്യാണ്‍ സിംഗിന്‍റെ ഭരണകാലത്താണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ബാബറി മസ്ജിദ് ‘അടിമത്തത്തിന്‍റെ സ്മാരക’മാണെന്നായിരുന്നു കല്യാണ്‍ സിംഗ് പരാമര്‍ശിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :