പന്നിപ്പനി ബാധിതരുടെ എണ്ണം 500 കടന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വ്യാഴാഴ്ച 11 പേരില്‍ കൂടി എ (എച്ച്1 എന്‍1) വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 509 ആയി. വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ നാലെണ്ണം ഡല്‍ഹിയിലാണ്.

വൈറസ് ബാധിച്ച 509 പേരില്‍ 365 പേര്‍ ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടവരാണ്. കോഴിക്കോട് നിന്ന് രണ്ട് പേരിലും കൊച്ചിയില്‍ ഒരാളിലും ഡല്‍ഹിയില്‍ നാല് പേരിലും പൂനെയില്‍ മൂന്ന് പേരിലും ഹൈദരാബാദില്‍ ഒരാളിലും കഴിഞ്ഞ ദിവസം പന്നിപ്പനിബാധ സ്ഥിരീകരിച്ചു.

ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്ത നാല് കേസില്‍ രണ്ട് പെണ്‍കുട്ടികള്‍ക്കും ഒരു ആണ്‍കുട്ടിക്കും മറ്റുള്ളവരില്‍ നിന്ന് വൈറസ് പകര്‍ന്നതാണ്. മസ്കറ്റില്‍ നിന്ന് ജൂലൈ 28 ന് തിരിച്ചെത്തിയ ഒരു 12 കാരനിലും വൈറസ്ബാധ സ്ഥിരീകരിച്ചു.

പൂനെയില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കേസിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകര്‍ന്നതാണ്. ജോര്‍ജ്ജിയയില്‍ നിന്ന് മടങ്ങിയെത്തിയ ഒരു 31 കാരനിലും സിംഗപ്പൂരില്‍ നിന്ന് മടങ്ങിയെത്തിയ മറ്റൊരാളിലുമാണ് കോഴിക്കോട്ട് വൈറസ്ബാധ സ്ഥിരികരിച്ചത്.

ജൂലൈ 22 ന് സിംഗപ്പൂരില്‍ നിന്ന് മടങ്ങിയെത്തിയ ഒരു യുവാവിലാണ് കൊച്ചിയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചത്. ഹൈദരാബാദില്‍, വൈറസ് ബാധിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെ ഒരു അഞ്ചു വയസ്സുകാരനിലും വ്യാഴാഴ്ച പന്നിപ്പനി സ്ഥിരീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :