പി ബി ഒളിച്ചുകളി നിര്‍ത്തണം: ചെന്നിത്തല

കോഴിക്കോട്| WEBDUNIA| Last Modified വെള്ളി, 13 ഫെബ്രുവരി 2009 (15:03 IST)
എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ സി പി എം പൊളിറ്റ് ബ്യൂറോ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കേരളരക്ഷാ മാര്‍ച്ചിനോടനുബന്ധിച്ച്‌ വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികളെ പ്രോസിക്യൂട്ട്‌ ചെയ്യുന്നതിന് സര്‍ക്കാരിന് പി ബി നിര്‍ദ്ദേശം നല്‍കണം. അഴിമതിക്കെതിരായ നടപടികളുമായി പി ബി മുന്നോട്ടു വരുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. ഇടതു മുന്നണി സര്‍ക്കാരിനെതിരായ ജനരോഷം കെ പി സി സിയുടെ കേരളരക്ഷാ മാര്‍ച്ചില്‍ അലയടിക്കുകയാണ്.

വിഴിഞ്ഞം കരാര്‍ സംബന്ധിച്ച എല്ലാ രേഖകളും നിയമസഭാ കമ്മിറ്റിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണം. കരാര്‍ ഉറപ്പിക്കുന്നതിന്‌ ചില ഇടനിലക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. വിഴിഞ്ഞത്തിന്‍റെ കാര്യത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. അങ്ങനെ പറയുന്നതു കൊണ്ട് ചെയ്ത തെറ്റുകള്‍ ഇല്ലാതാവുന്നില്ല - ചെന്നിത്തല പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമത് ഒരു സീറ്റു വേണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. 17ന്‌ ചേരുന്ന യു ഡി എഫ്‌ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും - രമേശ് ചെന്നിത്തല ആറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :