മാധ്യമങ്ങൾ നൗഷാദിന്റെ കുടുംബത്തെ വേദനിപ്പിക്കുന്നു: വെള്ളാപ്പള്ളി

Vellappally, Naushad, VS, Oommenchandy, Pinarayi, Sudheeran, വെള്ളാപ്പള്ളി, നൗഷാദ്, വി എസ്, ഉമ്മൻ ചാണ്ടി, പിണറായി, സുധീരൻ
വൈക്കം| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2015 (14:51 IST)
തന്റെ വാക്കുകളെ വളച്ചൊടിച്ച മാധ്യമങ്ങളും ചില രാഷ്ട്രീയക്കാരും ചേർന്ന് രക്ഷാപ്രവർത്തനത്തിനിടെ മാൻഹോളിൽ കുടുങ്ങിമരിച്ച നൗഷാദിന്റെ കുടുംബത്തെ വേദനിപ്പിക്കുകയാണെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നൗഷാദ് ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണെന്നും വെള്ളാപ്പള്ളി പറയുന്നു. തന്റെ ഫേസ്ബുക്ക് സന്ദേശത്തിലാണ് വെള്ളാപ്പള്ളി നൗഷാദിനെപ്പറ്റി നല്ല വാക്കുകൾ പറഞ്ഞിരിക്കുന്നത്. നൗഷാദിന്റെ കുടുംബത്തിന് ധനസഹായം ചെയ്ത സർക്കാർ നടപടിയെ പരാമർശിച്ച് നടത്തിയ പ്രസംഗത്തിന്റെയും പ്രസ്താവനയുടെയും പേരിൽ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തിരുന്നു.

വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് സന്ദേശത്തിന്റെ പൂർണരൂപം:

കഴിഞ്ഞ ദിവസം കോഴിക്കോട് രണ്ട് സഹോദര ജീവനുകൾ രക്ഷിക്കാനുള്ള ശ്രമത്തിൽ ജീവൻ വെടിഞ്ഞ നൗഷാദ് എന്ന യുവാവ് ഇന്നത്തെ യുവ തലമുറക്ക് മാത്രുകയാണ്‌. മനുഷ്യൻ പ്രാണവായുവിനായി പിടയുന്ന നേരത്ത് മറ്റൊന്നും ആലോചിക്കാതെ സഹോദരങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച് ഇഹലോകവാസം വെടിഞ്ഞ ആ യുവാവിന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു.

നൗഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബത്തിന്‌ ഗവണ്മെന്റ് ആനുകൂല്യങ്ങൾ നല്കിയതിൽ എനിക്കും എന്റെ പ്രസ്ഥാനത്തിനും സന്തോഷം മാത്രമേയുള്ളു. ഈ സഹായവിതരണത്തിന്‌ തയ്യാറായ ഗവണ്മെന്റ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഷോക്കേറ്റ് മരിച്ച ആദിവാസി കുടുംബങ്ങളോടും, അതിർത്തിയിൽ ജീവൻ വെടിഞ്ഞ ധീരജവാന്റെ കുടുംബത്തിനോടും ഈ നിലപാട് സ്വീകരിക്കാൻ വിമുഖത കാട്ടുന്നതിനെ അപലപിക്കുക മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. അതിനെ തങ്ങളുടെ ഗൂഢലക്ഷ്യങ്ങൾക്ക് വേണ്ടി വളച്ചൊടിച്ച ചാനൽ സുഹ്രുത്തുക്കൾ ഒന്നു മാത്രം അറിയുക. ഞാൻ എന്ന വ്യക്തിയെ കരിവാരി തേക്കാനുള്ള ശ്രമത്തിനപ്പുറം നിങ്ങളുടെ ചർച്ചയിൽ നീറിപ്പുകയുന്നത് ആ ധീരയുവാവിന്റെ കുടുംബവും കൂടിയാണ്.

എന്‍റെ വാക്കുകളെ മനഃപൂര്‍വ്വം മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ വളച്ചൊടിച്ച മാധ്യമങ്ങളും ചില രാഷ്ട്രിയക്കാരും തങ്ങളുടെ നീചമായപ്രവര്‍ത്തിയിലൂടെ ആ കുടുംബത്തിനെ വേദനിപ്പിക്കുകയാണ് ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :