നിത്യാനന്ദയുടെ മുപ്പത് സെക്സ് ടേപ്പുകള്‍!

ബാംഗ്ലൂര്‍| WEBDUNIA|
നിത്യാ‍നന്ദ പരമഹംസനെതിരെ ധ്യാനപീഠം ആശ്രമത്തിലെ മുന്‍ അന്തേവാസി ലെനിന്‍ കറുപ്പന്‍ കൂടുതല്‍ ലൈംഗിക ടേപ്പുകള്‍ ഹാജരാക്കിയതായി റിപ്പോര്‍ട്ട്. സ്വാമി ഉള്‍പ്പെട്ട മുപ്പത് ലൈംഗിക ടേപ്പുകള്‍ അന്വേഷണ സംഘത്തിനു കൈമാറിയതായാണ് വിവരം.

സ്വാമിയും തമിഴ് നടി രഞ്ജിതയുമൊത്തുള്ള രംഗങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ സം‌പ്രേക്ഷണം ചെയ്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഈ രംഗങ്ങള്‍ അടങ്ങുന്ന ടേപ്പും ലെനിന്‍ കൈമാറിയ മുപ്പത് ടേപ്പുകളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, മുപ്പത് ടേപ്പുകളിലുമായി ആറ് സ്ത്രീകള്‍ മാത്രമാണ് സ്വാമിക്കൊപ്പം പ്രത്യക്ഷപ്പെടുന്നത് എന്ന് പേരു വെളിപ്പെടുത്താത്ത സിഐഡി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ലെനിന്‍ കറുപ്പന്‍ ആരോപിക്കുന്ന ലൈംഗിക കുറ്റം ടേപ്പിന്റെ പിന്‍‌ബലത്തിലൂടെ തെളിയിക്കാനാവുമോ എന്ന സംശയം നിലനില്‍ക്കുകയാണ്. സ്ത്രീകളുമൊത്തുള്ള രംഗങ്ങള്‍ ടേപ്പില്‍ ഉണ്ടെങ്കിലും ലൈംഗികമായി ചൂഷണം ചെയ്യുന്ന രംഗങ്ങള്‍ ഇല്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെടുന്നത്.

നിത്യാനന്ദനെതിരെ ചുരുക്കം ചില ആളുകള്‍ മാത്രമേ ലൈംഗിക കുറ്റം ആരോപിച്ച് രംഗത്ത് എത്തുന്നുള്ളൂ. ഏപ്രില്‍ അഞ്ചിനും ആറിനും സിഐഡി ധ്യാനപീഠം ആശ്രമത്തില്‍ തെരച്ചില്‍ നടത്തി. നിത്യാനന്ദനെതിരെയുള്ള കേസില്‍ ഇതുവരെ 29 ആളുകളെ ചോദ്യം ചെയ്തു എങ്കിലും അവരില്‍ ആരും ആശ്രമത്തില്‍ ലൈംഗിക ചൂഷണം നടക്കുന്നു എന്ന് പരാതിപ്പെട്ടിട്ടില്ല.

ആശ്രമത്തിനെതിരെ വഞ്ചനാ കുറ്റം ആരോപിച്ച് പരാതികള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍, ലൈംഗിക ആരോപണം തെളിയിക്കാന്‍ ആവശ്യമായ മൊഴികളോ തെളിവുകളോ ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :