ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോഡിയെ പിന്തുണച്ച് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍. നരേന്ദ്രമോഡിയെ പ്രത്യേക അന്വേഷണസംഘവും കോടതിയും കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. നീതിന്യായവ്യവസ്ഥയുടെ തീരുമാനത്തെ ചോദ്യം ചെയ്യേണ്ടതില്ല.
ഗുജറാത്ത് സര്‍ക്കാര്‍ കലാപം ആളിക്കത്തിച്ചെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ആരോപണം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പട്ടേലിന്റെ പ്രതികരണം. നരേന്ദ്രമോഡിയെ അനുകൂലിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കേന്ദ്രമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയും രംഗത്തെത്തിയിരുന്നു. മോഡി പ്രധാനമന്ത്രിയാകണമോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ജനങ്ങളുടെ തീരുമാനത്തിന് പിന്തുണ നല്‍കുമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
ഗുജറാത്ത് കലാപത്തിന് പ്രേരണ നല്‍കിയത് നരേന്ദ്ര മോഡി സര്‍ക്കാരാണെന്ന് രാഹുല്‍ ഗാന്ധി ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു . മോഡിയുടെ നേതൃത്വത്തിലാണ് കലാപം നടന്നതെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം വസ്തുതാപരമാണ്. സിഖ് വിരുദ്ധ കലാപത്തെയും ഗുജറാത്ത് കലാപത്തെയും ഒരുപോലെ കാണാനാകില്ല. സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.