നയപ്രഖ്യാപനം വെറും പ്രഖ്യാപനമാകില്ല: മോഡി

നരേന്ദ്രമോഡി, ലോക്സഭ, അരുണ്‍ ജെയ്റ്റ്‌ലി, വി കെ സിംഗ്, ജയലളിത
ന്യൂഡല്‍ഹി| Last Updated: ബുധന്‍, 11 ജൂണ്‍ 2014 (19:43 IST)
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം വെറും പ്രഖ്യാപനമായി മാറില്ലെന്നും ആ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. ലോക്സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് എല്ലാ സര്‍ക്കാരും നിലകൊള്ളേണ്ടത്. പാവപ്പെട്ടവര്‍ക്കുവേണ്ടിയായിരിക്കും ഈ സര്‍ക്കാരും. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിക്കും. പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ കേള്‍ക്കും. കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താനാവശ്യമായ കാര്യങ്ങള്‍ ചെയ്യും. ഗ്രാമങ്ങള്‍ക്ക് സൌകര്യങ്ങള്‍ നല്‍കി ജനതയെ മുന്നോട്ടുനയിക്കും. പ്രതിപക്ഷത്തിന്‍റെ സഹകരണം ശുഭസൂചനയാണെന്നും നരേന്ദ്രമോഡി പറഞ്ഞു.

ദാരിദ്ര്യം നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗം വിദ്യാഭ്യാസമാണ്. സാങ്കേതികവിദ്യ ഗ്രാമങ്ങളിലെത്തിക്കും. ജൈവകൃഷിയിലെ സിക്കിം മാതൃക ഉപയോഗിക്കും. കൃഷിയില്‍ ആധുനിക സമീപനം കൊണ്ടുവരും. മാറ്റത്തിനായി പ്രായോഗിക സമീപനങ്ങള്‍ സ്വീകരിക്കും. നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗ്രാമങ്ങളില്‍ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കും. എല്ലാ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും. കൃഷി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളിലൂടെ യുവാക്കള്‍ക്ക് ജോലിസാധ്യതകള്‍ സൃഷ്ടിക്കും. വിലക്കയറ്റം നേരിടും - നരേന്ദ്രമോഡി പറഞ്ഞു.

വനിതകളുടെ സുരക്ഷ ഉറപ്പാക്കും. വനിതകളെ ബഹുമാനിക്കാന്‍ രാജ്യം പഠിക്കണം. ദേശത്തിന്‍റെ വികസനകാര്യങ്ങളില്‍ വനിതകളുടെ സാന്നിധ്യം ഉറപ്പാക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെയും കൊലപാതകങ്ങളെയും രാഷ്ട്രീയവത്കരിക്കരുത്. മാനഭംഗക്കേസുകളില്‍ നിരുത്തരവാദ നിലപാടുകള്‍ അവസാനിപ്പിക്കണം - നരേന്ദ്രമോഡി ആവശ്യപ്പെട്ടു.

കുംഭകോണങ്ങളുടെ ഇന്ത്യ എന്ന ചീത്തപ്പേര് നമ്മള്‍ മാറ്റേണ്ടതുണ്ട്. രാജ്യത്തിന്‍റെ വികസനത്തിനായി പോരാടണം. വികസനത്തിന്‍റെ കാര്യത്തില്‍ ഗാന്ധിജിയെ മാതൃകയാക്കണം. സ്വാതന്ത്ര്യ സമരം പോലെ വികസനത്തെയും കാണണം. വികസനത്തിന് പുതിയ പരിഭാഷ നല്‍കണം. നമ്മുടേത് ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. നമ്മള്‍ ലോകത്തിന് മാതൃകയാകണം - പ്രധാനമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമല്ല, കഴിവുകളുടെ വികസനവും ഉപയോഗവുമാണ് ആവശ്യമെന്ന് നരേന്ദ്രമോഡി പറഞ്ഞു. ഗുജറാത്ത് മോഡലിനേക്കാള്‍ നല്ലത് തമിഴ്നാട് മോഡലാണെന്ന ജയലളിതയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. ഇന്ത്യ വിവിധ മുഖങ്ങളുള്ള രാജ്യമാണ്. ഓരോ ഭാഗത്തും ഓരോ മോഡലാണ് പരീക്ഷിക്കേണ്ടത്. കേരളത്തിന്‍റെ കുടുംബശ്രീ പദ്ധതിയെ അഭിനന്ദിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോഡി മറന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :