ന്യൂഡല്‍ഹി|
Last Modified ശനി, 7 ജൂണ്‍ 2014 (16:11 IST)
കേന്ദ്ര സര്‍ക്കാരിനെ പോലെ തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തിയും മെച്ചപ്പെട്ടതാകണമെന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിര്‍ദ്ദേശം. ചോദ്യങ്ങള്‍ ഹ്രസ്വവും നടപടി വേഗതയേറിയതും ആയിരക്കണമെന്നതാണ് നയം. പുതിയ തൊഴില്‍ സംസ്കാരവും പൊതുജനങ്ങളുമായിട്ടുള്ള ഇടപാടുകള്‍ മെച്ചപ്പെട്ടതാക്കുകയെന്ന ലക്‍ഷ്യത്തോടെ 11 ഇന നിര്‍ദ്ദേശമാണ് മോഡി നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കാബിനറ്റ് സെക്രട്ടറി അജിത്ത് സേത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
കേന്ദ്രസര്‍ക്കാരിലെ എല്ലാ സെക്രട്ടറിമാരോടും കാലഹരണപ്പെട്ട നിയമങ്ങള്‍ പുതുക്കാനുള്ള നിര്‍ദ്ദേശമാണ് ഇതില്‍ പ്രധാനപ്പെട്ടത്. എല്ലാം ചുരുക്കത്തില്‍ കഴിയുമെങ്കില്‍ ഒറ്റ പേജില്‍ ഒതുക്കാനും നിര്‍ദ്ദേശമുണ്ട്.
അതു പോലെ ഒരു ഫയലിന്മേല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ താമസമുണ്ടാകരുത്. അവസാന തീരുമാന കൈക്കൊള്ളാന്‍ നാല് വട്ടത്തില്‍ കൂടുതല്‍ പരിശോധനകള്‍ പാടില്ല.
ചുവപ്പ് നാട അഴിച്ചു കളഞ്ഞ് കഠിനാധ്വാനം ചെയ്യാന്‍ സെക്രട്ടറിമാര്‍ക്ക് സേത്ത് നിര്‍ദ്ദേശം നല്‍കി. 11 ഇന നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ എന്തു ചെയ്തു എന്നത് സംബന്ധിച്ച് തിങ്കളാഴ്ചയോടെ ഫസ്റ്റ് ആക്‍ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാനും ഉത്തരവുണ്ട്.
മറുത്ത് നില്‍ക്കാതെ ഒരുമിച്ച് നീങ്ങി വേണം പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്. പരിഹരിക്കാനാവാത്ത ഫയലുകളുടെ മേല്‍ ഇരിക്കാതെ അവ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കോ കാബിനെറ്റ് സെക്രട്ടറിക്കോ നല്‍കണം.
വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ എല്ലാ വകുപ്പുകളും തയാറാകണം. അഞ്ചുവര്‍ഷത്തെ നേട്ടങ്ങളും വകുപ്പുകളുടെ പ്രകടനവും സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
അനാവശ്യമായ ഫയലുകളെ നാല് ആഴ്ചയ്ക്കകം പുറന്തള്ളി ഡിജിറ്റല്‍ പ്ലാറ്റഫോമിലേക്ക് വകുപ്പുകളെ മാറ്റണം. ഓഫീസുകള്‍ക്ക് വൃത്തിയുള്ള ചുറ്റുപാടുണ്ടാക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.