“പഴയതെല്ലാം നമുക്ക് മറക്കാം, നമ്മള്‍ ഒരമ്മ പെറ്റ മക്കളാണ്” - കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ വാക്കുകള്‍. ബി ജെ പിയില്‍ വീണ്ടും അംഗത്വമെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു യെദ്യൂരപ്പ. ബി ജെ പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയാണ് യെദ്യൂരപ്പയും അനുയായികളും വീണ്ടും പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.
ഒരു വര്‍ഷം മുന്‍പ് ബി ജെ പി വിട്ട് കെജെപി എന്ന പാര്‍ട്ടി രൂപീകരിച്ച യെദ്യൂരപ്പ, നരേന്ദ്രമോഡി പാര്‍ട്ടിയില്‍ അനിഷേധ്യ നേതാവായതോടെയാണ് മടങ്ങിയെത്തുന്നത്. യെദ്യൂരപ്പ പാര്‍ട്ടി വിട്ടതിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടിരുന്നു.
നമുക്ക് ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കാം. നമ്മുടെ തെറ്റായ തീരുമാനങ്ങള്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിച്ചു. പൊറുക്കാനാവാത്ത ഒരു തെറ്റാണ് അത്. എല്ലാം നമുക്ക് മറക്കാം - യെദ്യൂരപ്പ പറഞ്ഞു.
മുന്‍മുഖ്യമന്ത്രിമാരായ സദാനന്ദഗൗഡ, ജഗദീഷ് ഷെട്ടാര്‍, ദേശീയ ജനറല്‍ സെക്രട്ടറി അനന്ത് കുമാര്‍, സംസ്ഥാന അധ്യക്ഷന്‍ പ്രഹ്ലാദ് ജോഷി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.