തെഹല്‍ക്ക: ബംഗാരു ലക്ഷ്മണിന് നാല് വര്‍ഷം തടവ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
തെഹല്‍ക്ക പുറത്തുകൊണ്ടുവന്ന ആയുധകുംഭകോണക്കേസില്‍ ബിജെപി മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണിന് നാല് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. അഴിമതി നിരോധന നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരമാണ് വിധിച്ചിരിക്കുന്നത്.

ബംഗാരു ലക്ഷ്മണ്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. തിഹാര്‍ ജയിലിലാണ് അദ്ദേഹത്തെ പാര്‍പ്പിക്കുക. അദ്ദേഹത്തിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തെഹല്‍ക്ക കേസില്‍ വിധി പ്രഖ്യാപിക്കുന്നത്. 72-കാരനായ ബംഗാരു ലക്ഷ്മണ്‍ തനിക്ക് ശിക്ഷ കുറച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ ബംഗാരു ലക്ഷ്മണിന് അഞ്ച് വര്‍ഷം തടവ് നല്‍കണമെന്ന് സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടു.

ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ചയാണ് കോടതി കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു റിമാന്‍ഡ്‌ ചെയ്യുകയായിരുന്നു.

2001-ലാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്. യു കെ ആസ്‌ഥാനമായ ആയുധകമ്പനിയുടെ ഏജന്റുമാര്‍ ചമഞ്ഞ് എത്തിയ തെഹല്‍ഹ ചാനലിന്റെ പ്രതിനിധികളില്‍ നിന്ന് ലക്ഷ്‌മണ്‍ കൈക്കൂലി വാങ്ങി എന്നാണ് കേസ്. ആയുധ ഇടപാടിന്‌ അനുകൂല നിലപാട്‌ സ്വീകരിക്കാമെന്നാണ്‌ ബംഗാരു ലക്ഷ്‌മണ്‍ ഇവര്‍ക്കു വാഗ്‌ദാനം നല്‍കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ചാനല്‍ ഒളിക്യാമറ വച്ച് ഷൂട്ട് ചെയ്തിരുന്നു. ഇന്ത്യ കണ്ട ആദ്യ ഒളിക്യാമറ ദൌത്യമായിരുന്നു അത്.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവാദത്തിലായ ബംഗാരു ലക്ഷ്‌മണിനെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :