തെലങ്കാന വിഭജനം; ആന്ധ്രപ്രദേശില്‍ ബന്ദ്

ഹൈദരാബാദ്| WEBDUNIA| Last Modified ബുധന്‍, 31 ജൂലൈ 2013 (11:44 IST)
PTI
ആന്ധ്രപ്രദേശ് വിഭജിച്ച് സംസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ന് ആന്ധ്രപ്രദേശില്‍ ബന്ദ്. യുണൈറ്റഡ് ആന്ധ്ര ജോയിന്റ് ആക്ഷന്‍ കമ്മറ്റിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബന്ദ് ആഹ്വാനത്തെ തുടര്‍ന്ന് കോസ്റ്റല്‍ ആന്ധ്രയിലേയും റായലസീമയിലേയും ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്. ഈ മേഖലയിലെ സ്‌കൂളുകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. സീമാന്ദ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അടക്കം എതിര്‍പ്പ് അവഗണിച്ച് കഴിഞ്ഞദിവസമാണ് തെലങ്കാന സംസ്ഥാനത്തിന് യുപിഎ അനുമതി നല്‍കിയത്.

യുപിഎ തീരുമാനം എടുക്കുന്നതിന് ആന്ധ്രപ്രദേശിലെ 19 എം.പിമാരെയും ചര്‍ച്ചക്ക് വിളിച്ചിരുന്നു. യുപിഎ മന്ത്രിസഭയിലെ അംഗങ്ങളായ പള്ളം രാജുവും ചിരഞ്ജീവിയും തെലങ്കാന സംബന്ധിച്ച ആശങ്കകള്‍ പങ്കുവെച്ചെങ്കിലും രാജിവെക്കില്ലെന്ന് ഉറപ്പാക്കിയിരുന്നു.

എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗുണ്ടൂര്‍ എംപിയുമായ റായപതി സാംബശിവ റാവു രാജിവെച്ചു. കൂടാതെ മൂന്ന് എം‌എല്‍‌എമാരും രാജിവെച്ചതായിട്ടാണ് അറിയാന്‍ സാധിക്കുന്നത്.

തെലങ്കാന സംസ്ഥാന രൂപികരണത്തിന്റെ സന്തോഷം പ്രദേശത്ത് ആഘോഷിക്കുകയാണ്. ഒസ്മാനിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ചും മിഠായികള്‍ വിതരണം ചെയ്തുവാണ് ആഘോഷിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :