ചരിത്രത്തിലാദ്യമായി മാവോയിസ്റ്റുകള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് എസ് എം എസ് സര്‍വീസുകള്‍ ഉപയോഗിക്കുന്നു. ബീഹാറിലും അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡിലുമാണ് പുതിയ തന്ത്രവുമായി മാവോയിസ്റ്റുകള്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
ഈ സംസ്ഥാനങ്ങളിലെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുഴുവന്‍ കൂട്ട എസ് എം എസുകള്‍ അയച്ചുകൊണ്ടാണ് മാവോയിസ്റ്റുകള്‍ പുതിയ പരീക്ഷണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
തൊഴിലാളികള്‍, മുതിര്‍ന്ന പൌരന്മാര്‍, സ്ത്രീകള്‍, യുവാക്കള്‍, സാമൂഹികപ്രവര്‍ത്തകര്‍ തുടങ്ങിയവരോട് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുള്ള അഭ്യര്‍ഥനയാണ് എസ് എം എസുകളുടെ ഉള്ളടക്കം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ - മാവോയിസ്റ്റിന്റെ ബോര്‍ഡര്‍ സോണല്‍ കമ്മറ്റിയുടെ വക്താവ് അവിനാഷിന്റെ പേരിലാണ് എസ് എം എസുകള്‍ അയച്ചിരിക്കുന്നത്.
തങ്ങളുടെ പാര്‍ട്ടി അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മറ്റൊരു സന്ദേശത്തില്‍ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കെത്തുന്ന സൈനികരെ ആക്രമിക്കാനും ആഹ്വാനം ചെയ്യുന്നു.
തെരഞ്ഞെടുപ്പ് ബഹിഷ്കരണ സന്ദേശവുമായി ജാമുയി, ലക്ഷിസരയ്, ബങ്ക, ഗയ, ഔറംഗാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് അധികൃതര്‍ ഇവ നീക്കം ചെയ്യുകയായിരുന്നു.