ബെംഗളൂരു|
സജിത്ത്|
Last Modified വ്യാഴം, 26 മെയ് 2016 (11:44 IST)
താമസം 80 ലക്ഷത്തോളം രൂപ വില വരുന്ന വീട്ടില്‍, മരിക്കേണ്ടി വന്നത് പട്ടിണിമൂലം. ബംഗളുരുവിലെ സുല്‍ത്താന്‍പാല്യയയില്‍ റസിഡന്‍ഷ്യല്‍ കോളനിയിലെ വീടിനുള്ളിലാണ് മനസാക്ഷിയെ മരവിപ്പിച്ച ഈ സംഭവം നടന്നത്. ബെംഗളുരുവിലെ മുന്‍ പൊലീസ് കോണ്‍സ്‌റ്റബിളായ വെന്‍കോബ റാവോയും ഭാര്യ കലാദേവി ബീവിയേയുമാണ് പട്ടിണിമൂലം മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആഴ്‌ചകള്‍ പഴക്കമുള്ള നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇവര്‍ക്ക് മക്കളില്ല. പട്ടിണിമൂലമാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം പരന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ ഇരുവരേയും കണ്ടെത്തിയത്.
കഴിഞ്ഞ നാല് വര്‍ഷമായി ഇവരുടെ വീട്ടില്‍ വൈദ്യുതിയും കുടിവെള്ളവും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് നടത്തിയ തിരച്ചിലില്‍ വീട്ടില്‍ നിന്നും പഴകിയ ഭക്ഷണ അവശിഷ്‌ടങ്ങളല്ലാതെ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. മൃതദേഹങ്ങള്‍ അംബേദ്‌കര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.