തന്നെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി കഥ മെനഞ്ഞയാളെ പൊലീസ് പൊക്കി. വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് ഇയാള്‍ കഥയുണ്ടാക്കിയത്. കാമുകിക്കൊപ്പം ഒളിച്ചോടുന്നതിനായിരുന്നു ഈ തന്ത്രം. വികേഷ് ജെയിന്‍(25) എന്ന ബിസിനസ്സുകാരനാണ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് പിടിയിലായത്.
ദാദറിലെ മാനിക് അപ്പാര്‍ട്ട്‌മെന്റിലാണ് വികേഷിന്റെ കുടുംബം താമസിച്ചിരുന്നത്. സെപ്തംബര്‍ 19-നാണ് ഇയാളെ ഇവിടെ നിന്ന് കാണാതായത്. അപ്പോള്‍ ഇയാളുടെ പക്കല്‍ മൂന്ന് ലക്ഷം രൂപയും ഉണ്ടായിരുന്നു. തുടര്‍ന്ന് വികേഷിന്റെ പിതാവിന് ഒരു ഫോണ്‍ കോള്‍ വന്നു. മകനെ തട്ടിക്കൊണ്ടുപോയതായി ഒരു പെണ്‍കുട്ടിയാണ് വിളിച്ചറിയിച്ചത്.
പക്ഷേ പിതാവ് ഈ ഫോണ്‍ കോള്‍ കാര്യമാക്കിയില്ല. എന്നാല്‍ വികേഷിന്റെ മൊബൈല്‍ ഫോണിലേക്ക് പിതാവ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് മകനെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് അദ്ദേഹം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പിതാവിനെ വിളിച്ച പെണ്‍കുട്ടി ആരാണെന്ന് കണ്ടെത്താനാണ് പൊലീസ് ആദ്യം ശ്രമിച്ചത്. ആ നമ്പര്‍ ഉപയോഗിക്കുന്ന ആള്‍ ഗോവയില്‍ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് പൊലീസ് ഗോവയില്‍ ചെന്നപ്പോഴേക്കും ഈ നമ്പര്‍ തിരുവനന്തപുരത്ത് എത്തിയതായി മനസ്സിലായി. തിരുവനന്തപുരത്ത് വച്ചും പൊലീസിന്റെ നീക്കം പാളി. തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ നിന്ന് വികേഷിനെ കൈയോടെ പിടികൂടുകയായിരുന്നു.
തട്ടിക്കൊണ്ടുപോകല്‍ നാടകം താന്‍ പ്ലാന്‍ ചെയ്തതാണെന്ന് വികേഷ് പൊലീസിനോട് സമ്മതിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായാണ് താന്‍ ഒളിച്ചോടിയതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.