സിനിമയില്‍ കഥയും എഴുത്തുകാരുമാണ് ഒന്നാമതായി വരേണ്ടതെന്ന് നടിയും സംവിധായികയുമായ രേവതി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു രേവതി. എണ്‍പതുകളിലെ സിനിമ ഡയറക്ടറി പരിശോധിച്ചാല്‍ എഴുത്തുകാരുടെ പേരുകള്‍ക്ക് പ്രാമുഖ്യം നല്‍കിയിരിക്കുന്നതായി കാണാമെന്നും രേവതി പറഞ്ഞു. എന്നാല്‍ ഇന്ന് താരങ്ങള്‍ക്കാണ് പ്രാധാന്യമെന്നും രേവതി കുറ്റപ്പെടുത്തി.
നല്ല എഴുത്തുകാരെ ആദരിക്കാന്‍ മലയാളി എവിടെയോ മറന്നു. ഇത് സിനിമയേയും ബാധിച്ചിരിക്കുന്നു. എഴുത്തുകാര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പഴയകാലം തിരിച്ചുകൊണ്ടു വരണമെന്നും രേവതി പറഞ്ഞു.
സംവിധായികയായി തനിക്ക് തുടരാന്‍ കഴിയാത്തത് അലസത കൊണ്ടാണ്. ഒരുപാട് ഉത്തരവാദിത്വം വേണ്ട കാര്യമാണ് സംവിധാനം. അതിന് കലാപരമായ കഴിവ് മാത്രം പോര, മാനേജ്മെന്റിനുള്ള കഴിവുകൂടി വേണം. അഭിനയം മനോഹരമായ ഒരു ജോലിയാണ്. ആളുകളുടെ മനസ്സിനെ ഒപ്പിയെടുക്കുന്നവരാണ് നടീനടന്മാര്‍. അതില്‍നിന്ന് അത്ര എളുപ്പത്തില്‍ വിട്ടുമാറാന്‍ തോന്നുന്നില്ലെന്നും രേവതി പറഞ്ഞു.
കഴിവുള്ള ഒരുപാട് എഴുത്തുകാരികള്‍ മലയാളത്തിലുണ്ട്. എന്നാല്‍ ഇവരാരും സംവിധാനരംഗത്തേയ്ക്കോ സാങ്കേതിക രംഗത്തേയ്ക്കോ കടന്നുവരുന്നില്ലെന്നും രേവതി പറഞ്ഞു.