ഡാറ്റാ സെന്റര്‍ കൈമാറ്റ കേസ്: പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ വിവാദ ദല്ലാള്‍ ടി ജി നന്ദകുമാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. അന്വേഷണം തുടരാമെന്ന ഉത്തരവ് പുനഃ പരിശോധിക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതിനുള്ള ഭരണഘടനാ ബെഞ്ചിന്റെ മാനദണ്ഡം പാലിക്കാതെയാണ് സര്‍ക്കാരിന്റെ നടപടി.

അതിനാല്‍ സിബിഐയ്ക്ക് വിട്ട തീരുമാനം റദ്ദാക്കണമെന്നും ചുണ്ടിക്കാട്ടിയാണ് നന്ദകുമാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ജസ്റ്റീസുമാരായ എച്ച്എല്‍ ദത്തു, രഞ്ജന്‍ ഗോഗോയ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഡാറ്റാ സെന്റര്‍ നടത്തിപ്പിന്റെ ചുമതല സിഡാക്കില്‍ നിന്നും റിലയന്‍സിനു കൈമാറ്റം ചെയ്തു നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് കേസ്.

ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് വിപ്പ് പിസി ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത് ചോദ്യം ചെയ്ത് നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും അതും തള്ളുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :