ന്യൂഡല്‍ഹി|
Joys Joy|
Last Modified ശനി, 10 ജനുവരി 2015 (15:41 IST)
ഡല്‍ഹിയില്‍ വേണ്ടത് വികസനമാണെന്നും അരാജകത്വമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ബി ജെ പിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ ബി ജെ പിയുടെ നിയമസഭാതെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കംകുറിച്ചു കൊണ്ടുള്ള റാലിയായിരുന്നു ഇന്ന് നടന്നത്.
ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ ആക്രമിച്ചു കൊണ്ടാണ് ബി ജെ പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ‘നമുക്ക് ഇവിടെ വികസനമാണ് വേണ്ടത്, അല്ലാതെ അരാജകത്വമല്ല. അവര്‍ ധര്‍ണകള്‍ നടത്തുന്നതില്‍ മിടുക്കരാണ്. എന്നാല്‍ ഞങ്ങള്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടു പോകുന്നതില്‍ മിടുക്കരാണ്’ - റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോഡി പറഞ്ഞു.
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഡല്‍ഹി മുഖ്യമന്ത്രി ആയിരുന്ന കെജ്‌രിവാള്‍ പത്തുദിവസത്തെ സമരത്തിന് ആഹ്വാനം ചെയ്തു. താന്‍ ഒരു അരാജകവാദിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരത്തില്‍ നിങ്ങളെ കൈവിട്ടു പോയവരെ ഉപേക്ഷിക്കൂ എന്ന് മോഡി ആഹ്വാനം ചെയ്തു. പാതിവഴിയില്‍ ഉപേക്ഷിച്ചു പോയവരെ തള്ളിക്കളയുക. വഴിയോരങ്ങളില്‍ ഉറങ്ങാന്‍ ആവശ്യപ്പെട്ടവര്‍ക്ക് അങ്ങനെയുള്ള അവസ്ഥ സമ്മാനിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ.
സര്‍ക്കാര്‍ നടത്തിക്കൊണ്ടു പോകാന്‍ ഞങ്ങള്‍ക്ക് വൈദഗ്ധ്യമുണ്ട്. അതിനായി ശരിയായ ജോലികള്‍ക്ക് ശരിയായ ആളുകളെ തെരഞ്ഞെടുക്കൂ എന്നും മോഡി ആവശ്യപ്പെട്ടു. റാലിയില്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി നേതാവ് അമിത് ഷായും പങ്കെടുത്തു. കൂടാതെ, കഴിഞ്ഞയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി ജെ പി അധികാരത്തില്‍ എത്തിയ ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാംലീല മൈതാനില്‍ എത്തിയിരുന്നു.
ഫെബ്രുവരി പകുതിയോടെ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു ശേഷം ഡല്‍ഹിയില്‍ രാഷ്‌ട്രപതിഭരണമാണ് നടന്നുവരുന്നത്. 16 വര്‍ഷമായി അധികാരത്തിനു പുറത്തു നില്‍ക്കുന്ന ബി ജെ പി ഇത്തവണ അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ്. കേന്ദ്രത്തില്‍ ആറുമാസം പൂര്‍ത്തിയാക്കിയ ബി ജെ പിക്ക് ഡല്‍ഹിയില്‍ ഇത്തവണ അധികാരം കൈപ്പിടിയിലാക്കാം എന്ന ആത്മവിശ്വാസമുണ്ട്.