എച്ച് 1 എന്‍ 1: പുതുവര്‍ഷത്തില്‍ ഡല്‍ഹിയില്‍ രണ്ടുമരണം

ന്യൂഡല്‍ഹി| Joys Joy| Last Modified വെള്ളി, 9 ജനുവരി 2015 (16:14 IST)
അതിശൈത്യത്തിനിടയിലും തലസ്ഥാന നഗരിയില്‍ ഭീതി വിതച്ച് പന്നിപ്പനി. പന്നിപ്പനിയെ തുടര്‍ന്ന് ഈ വര്‍ഷം
ഇതുവരെ ഡല്‍ഹിയില്‍ രണ്ടുപേര്‍ മരണത്തിന് കീഴടങ്ങി. വ്യാഴാഴ്ച കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള 30 വയസ്സുകാരനായ യുവാവ് ആണ് എച്ച് 1 എന്‍ 1 ബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

വ്യാഴാഴ്ച പുതിയ എട്ട് എച്ച് 1 എന്‍ 1 കേസുകള്‍ കൂടി തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എച്ച് 1 എന്‍ 1 കേസുകളുടെ എണ്ണം 31 ആയി.

ഇതിനിടെ, ലേഡി ഹര്‍ഡിംഗെ മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന ഡോക്‌ടര്‍ക്ക് എച്ച് 1 എന്‍ 1 ബാധിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. സര്‍ ഗംഗ റാം ആശുപത്രിയിലെ ഐ സി യുവില്‍ ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഇവരെ താമസിയാതെ തന്നെ വാര്‍ഡിലേക്ക് മാറ്റുമെന്ന് ഡോ ഉജ്ജ്വല്‍ പരിഖ് അറിയിച്ചു.

ബുധനാഴ്ച ആയിരുന്നു ഈ വര്‍ഷത്തെ ആദ്യ എച്ച് 1 എന്‍ 1 ബാധിച്ചുള്ള മരണം തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഉത്തം നഗറില്‍ നിന്നുള്ള 42കാരിയായിരുന്നു എച്ച് 1 എന്‍ 1 ബാധിച്ച് ബുധനാഴ്ച സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :