ഡല്‍ഹിയില്‍ ബിജെപിയുടെ നില കഷ്‌ടത്തിലെന്ന് ആര്‍എസ്‌എസ് മുഖപത്രം

ന്യൂഡല്‍ഹി| Joys Joy| Last Modified ചൊവ്വ, 3 ഫെബ്രുവരി 2015 (13:00 IST)
ഡല്‍ഹിയില്‍ ബി ജെ പിയുടെ നില അത്ര തൃപ്‌തിയുള്ളതല്ലെന്ന് ആര്‍ എസ് എസ് മുഖപത്രം ഓര്‍ഗനൈസര്‍ . നിലവില്‍ ബി ജെ പിക്ക് ഡല്‍ഹിയില്‍ അത്ര സുഖകരമായ അവസ്ഥയല്ലെന്നാണ് ഓര്‍ഗനൈസറുടെ കണ്ടെത്തല്‍ .ഡല്‍ഹിയിലെ വ്യത്യസ്ത മേഖലകളില്‍ നിന്ന് ബി ജെ പിക്ക് എതിരായ നിലപാടുകളാണ് ഉള്ളതെന്നും ഓര്‍ഗനൈസര്‍ പറയുന്നു. നേതാക്കളുടെ പരസ്പരവിരുദ്ധമായ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും ഒറ്റക്കെട്ടായി നിന്നാല്‍ പ്രതീക്ഷയ്ക്കു വകയുണ്ടെന്നും ഓര്‍ഗനൈസര്‍ വ്യക്തമാക്കുന്നു.

അതേസമയം, 49 ദിവസത്തെ ഭരണത്തിനു ശേഷം അധികാരം വിട്ടെറിഞ്ഞ അരവിന്ദ്‌ കെജ്‌രിവാളും ആം ആദ്‌മി പാര്‍ട്ടിയും തങ്ങളുടെ നില ഡല്‍ഹിയില്‍ മെച്ചപ്പെടുത്തി വരികയാണ്. മുഖ്യമന്ത്രി പദം വിട്ടെറിഞ്ഞ കെജ്‌രിവാളിനോടുള്ള ജനത്തിന്റെ അതൃപ്‌തി ആം ആദ്‌മി പാര്‍ട്ടിയുടെ ശക്തമായ പ്രചാരണത്തിലൂടെ ഇല്ലാതായെന്നും ആര്‍ എസ് എസ് വിലയിരുത്തുന്നു. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ഇടയില്‍ ആം ആദ്‌മി പാര്‍ട്ടിക്ക് ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞെന്നും ഓര്‍ഗനൈസര്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത് ബി ജെ പിക്ക് ഗുണം ചെയ്തെന്നും ഓര്‍ഗനൈസര്‍ വിലയിരുത്തുന്നു. ഓര്‍ഗനൈസറുടെ ഡല്‍ഹി ബ്യൂറോയാണ് ലേഖനം തയ്യാറാക്കിയത്. കഴിഞ്ഞദിവസം ബി ജെ പി നേതാവ് നരേന്ദ്ര ടണ്ഠന്‍ രാജി വെച്ചിരുന്നു. എന്നാല്‍ , പിന്നീട് രാജി പിന്‍വലിച്ചിരുന്നു. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയുടെ തെരഞ്ഞെടുപ്പു ചുമതലയുള്ള നേതാവായിരുന്നു ടണ്ഠന്‍ .




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :