രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ നാലുപ്രതികള്‍ക്കും വധശിക്ഷ. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രായവും പ്രതികളുടെ മാതാപിതാക്കളുടെ ആരോഗ്യനിലയും കണക്കിലെടുത്ത് പ്രതികള്‍ക്ക് ജീവപര്യന്തം മാത്രം നല്കിയാല് മതിയെന്നാണ് പ്രതിഭാഗം അഭിഭാഷകന് ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും യോഗേഷ് ഖന്ന ജഡ്ജായിട്ടുള്ള പ്രത്യേക കോടതി തള്ളിക്കളയുകയായിരുന്നു.
നാലു പ്രതികളും കുറ്റക്കാരാണെന്ന് സാകേതിലെ അതിവേഗ കോടതി മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഏഴ് മാസമെടുത്താണ് കോടതി വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. പെണ്‍കുട്ടിയുടെ മരണമൊഴി കേസില്‍ നിര്‍ണായകമായി. മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, പവന് ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നീ പ്രതികള്‍ ഒരേ പോലെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി രാംസിംഗ് നേരത്തേ ആത്മഹത്യ ചെയ്തിരുന്നു.
പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് കോടതി മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് നല്‍കിയത്. പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ കോടതി അംഗീകരിച്ചു. ഇവര്‍ക്കെതിരെ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം ഉള്‍പ്പടെ പതിമൂന്ന് കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ ബസില്‍ വച്ച് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്. ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.