മുംബൈ|
സജിത്ത്|
Last Modified വ്യാഴം, 23 ജൂണ്‍ 2016 (19:30 IST)
ടീം ഇന്ത്യയുടെ കോച്ച് ആരാകുമെന്ന കാത്തിരിപ്പിന് വിരാമമായി. മുന്‍ ക്യാപ്റ്റനും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി ബിസിസിഐ നിയമിച്ചു. ബാറ്റിംഗ്, ബൗളിംഗ് കോച്ചുകള്‍ പിന്നീട് തീരുമാനിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറാണ് വ്യക്തമാക്കി.
സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് അഭിമുഖത്തിന് ശേഷം കുംബ്ലയെ പരിശീലക സ്ഥാനത്തേക്ക് നിര്‍ദ്ദേശം ചെയ്തത്. ഈ നിര്‍ദ്ദേശം ബിസിസിഐ അംഗീകരിച്ചതിനെ തുടര്‍ന്നാണ് കുംബ്ലയെ കോച്ചായി നിയമിച്ചത്. ഒരു വര്‍ഷമാണ് കുംബ്ലെയുടെ കാലവധി.
മുന്‍ ടീം ഡറക്ടര്‍ രവി ശാസ്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരെ പിന്തള്ളിയാണ് കുംബ്ലെ ടീം ഇന്ത്യയുടെ പരിശീലക സ്ഥനത്തേക്ക് എത്തിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ താരമാണ് കുംബ്ലെ. കൂടാതെ ജിം ലേക്കറിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിന്നിംഗ്‌സില്‍ പത്ത് വിക്കറ്റും കരസ്ഥമാക്കുന്ന ചരിത്ര നേട്ടത്തിനും ഉടമയാണ് കര്‍ണാടകക്കാരന്‍ കൂടിയായ അനില്‍ കുംബ്ലെ.
ചരിത്രത്തിലാദ്യമായാണു പരസ്യം നല്‍കി പരിശീലക ജോലിക്ക് ആളെ നിയമിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തീരുമാനിച്ചത്. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് 57 പേരാണ് അപേക്ഷിച്ചിരുന്നത്. ഇതില്‍ നിന്ന് രണ്ട് ദിവസം നീണ്ട അഭിമുഖത്തിനൊടുവിലാണ് അനുയോജ്യനായ പരിശീലകനെ കണ്ടെത്തിയിരിക്കുന്നത്.