ഹെലികോപ്ടര്‍ ഇടപാട് അഴിമതിക്കേസില്‍ ജെ പി സി അന്വേഷണത്തിന് ഉത്തരവായത് വമ്പന്മാരുടെ ചിറകരിയാനെന്ന് സൂചന. കേന്ദ്രസര്‍ക്കാര്‍ സംയുക്‌ത പാര്‍ലമെന്ററി സമിതി(ജെ പി സി) അന്വേഷണത്തിനു തയാറായതു പ്രതിരോധമന്ത്രി എ കെ. ആന്റണിയുടെ നിര്‍ബന്ധം മൂലമാണ്.
പ്രതിരോധ വകുപ്പിലെ ഉന്നതരെയും പ്രതിപക്ഷത്തേയും മാത്രമല്ല കോണ്‍ഗ്രസിലെതന്നെ ചില വമ്പന്മാരെയും ജെ പി സിയിലൂടെ ആന്റണി ഉന്നമിടുന്നുണ്ട്. താന്‍ ഉറച്ച കോണ്‍ഗ്രസുകാരനാണെങ്കിലും പ്രതിരോധ വകുപ്പിനു രാഷ്‌ട്രീയമില്ലെന്നു പറഞ്ഞ് രാജ്യസഭയില്‍ ആന്റണി മറുപടി പ്രസംഗം തുടങ്ങിയതിന്റെ ലക്ഷ്യവും ഇതാണ്.
ഹെലികോപ്‌റ്റര്‍ കരാര്‍ സംബന്ധിച്ച് ഒന്നാം യു പി എ സര്‍ക്കാരില്‍ തീരുമാനമെടുത്ത സ്വന്തം പാര്‍ട്ടിയിലെ ചില പ്രമുഖര്‍ക്കു നേര്‍ക്കുകൂടിയാണു ആന്റണിയുടെ പ്രതിരോധം. ഹെലികോപ്‌റ്റര്‍ ഇടപാടില്‍ ചര്‍ച്ച തുടങ്ങിയ ബി ജെ പി നേതാവ് അരുണ്‍ ജയ്‌റ്റ്‌ലി കോഴപ്പണം ലഭിച്ച കുടുംബം ഏതെന്ന് വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച മിക്ക അംഗങ്ങളും സര്‍ക്കാരിനു നേര്‍ക്കാണു വിരല്‍ ചൂണ്ടിയത്. പിന്നീടാണു ഇടപാടിലെ വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടി ആന്റണി സംസാരിച്ചത്.
ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ കാലത്താണു ഹെലികോപ്‌റ്റര്‍ വാങ്ങാന്‍ തീരുമാനിച്ചതെന്നും അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ബ്രജേഷ് മിശ്രയാണ് പറക്കല്‍ ഉയരം 18,000 അടിയില്‍ നിന്ന് 15,000 അടിയാക്കി കുറച്ചതെന്നും പറഞ്ഞ ആന്റണി അന്ന് എട്ടു ഹെലികോപ്‌റ്റര്‍ വാങ്ങാനാണു തീരുമാനിച്ചിരുന്നതെന്നും ഓര്‍മിപ്പിച്ചു. പിന്നീടിത് 12 എണ്ണമാക്കി വര്‍ധിപ്പിച്ചു. സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല. കുറ്റവാളികള്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്നും ജെ പി സി അന്വേഷണം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം വാഗ്‌ദാനം നിരാകരിച്ചു.
ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള സമിതിയാണ് കേസ് അന്വേഷിക്കുകയെന്ന ന്യൂനതയാണ് ജെ പി സിയുടെ വിശ്വാസ്യത കെടുത്തുന്നത്. രാജ്യത്തെ മാത്രമല്ല മറ്റൊരു രാജ്യത്ത് അന്വേഷണം നേരിടുന്ന കേസായാതിനാല്‍ പ്രതിസന്ധികളും ഏറെയാണ്.