ജസ്വന്തിന് സീറ്റ് നല്‍കാത്തത് വേദനിപ്പിച്ചു: സുഷമ

ന്യൂഡല്‍ഹി| WEBDUNIA|
PTI
ജസ്വന്ത് സിംഗിന് പിന്തുണയുമായി സുഷമ സ്വരാജ് രംഗത്ത്. ജസ്വന്തിന് സീറ്റുനല്‍കാത്തത് തന്നെ വേദനിപ്പിച്ചെന്ന് സുഷമ പറഞ്ഞു.

രാജസ്ഥാനിലെ ബാര്‍മറില്‍ ജസ്വന്തിന് സീറ്റ് നല്‍കാത്തത് എന്നെ വേദനിപ്പിച്ചു. അവിടെ സീറ്റ് നിശ്ചയിച്ചത് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയല്ലെന്നും സുഷമ പറഞ്ഞു.

സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജസ്വന്ത് സിംഗ് ഞായറാഴ്ച ബി ജെ പി വിടും. ജസ്വന്തിനെപ്പോലെ മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നല്‍കാത്തതിലും അദ്വാനിയെ ഒതുക്കിയതിലും ബി ജെ പിയില്‍ തന്നെ പ്രതിഷേധം ഇരമ്പുകയാണ്.

ബാര്‍മറില്‍ കോണ്‍ഗ്രസ് വിട്ടുവന്ന സോനാറാം ചൌധരിയാണ് ബി ജെ പി സ്ഥാനാര്‍ത്ഥി. ബാര്‍മറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജസ്വന്ത് സിംഗ് അറിയിച്ചു.

താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല എന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജസ്വന്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ വിശദമായി അറിയിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും ജസ്വന്ത് സിംഗിന് സീറ്റ് നിഷേധിക്കുന്ന നിലപാടാണ് ബി ജെ പി നേതൃത്വം സ്വീകരിച്ചത്.

ബി ജെ പിയിലെ മുതിര്‍ന്ന നേതാവായ തനിക്ക് സീറ്റ് നിഷേധിക്കുകയും കോണ്‍ഗ്രസില്‍ നിന്ന് വിട്ടു വരുന്നവര്‍ക്ക് സീറ്റ് നല്‍കുകയും ചെയ്യുന്ന പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് ജസ്വന്ത് സിംഗ് ഇപ്പോള്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :