ചെന്നൈ|
Last Modified തിങ്കള്‍, 16 നവംബര്‍ 2015 (13:42 IST)
ചെന്നൈ അക്ഷരാർത്ഥത്തിൽ വെള്ളത്തിനടിയിലാണ്.
മഴ ഇപ്പോഴും തകർത്തുപെയ്യുന്നു. ഇനി മൂന്നുദിവസം കൂടി ഇതേരീതിയിൽ മഴ തുടരുമെന്നാണ് റിപ്പോർട്ട്. മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും പാൽ, പത്രം എന്നിവ മുടങ്ങിയിരിക്കുന്നു. ട്രെയിൻ സർവീസ് താറുമാറായി. സബർബൻ ട്രെയിനുകളുടെ എണ്ണം വെട്ടിക്കുറച്ചു. ബസ് സർവീസും പലയിടങ്ങളിലും നിലച്ചിട്ടുണ്ട്.
ചെന്നൈയിലെ മിക്ക ഓഫീസുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ഒരാഴ്ചയായി അവധി നൽകിയിരിക്കുകയാണ്. മുട്ടറ്റം മുതൽ കഴുത്തറ്റം വരെ വെള്ളത്തിനടിയിലാണ് പല റോഡുകളും. ഈ വെള്ളക്കെട്ടുകളിൽ പാമ്പുകളും മീനുകളും നിറയുകയാണ്. ഇത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ജനങ്ങൾ രോഗഭീതിയിലുമാണ്.
മഴ ഇത്രയും രൂക്ഷമാകുന്നതിന് ആഴ്ചകൾക്ക് മുമ്പ് തന്നെ ചെന്നൈയിൽ ഡെങ്കി പനി പടർന്നുപിടിച്ചിരുന്നു. ഇപ്പോൾ എച്ച് 1 എൻ 1 റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഒപ്പം പലവിധ പനികളും ചെന്നൈയിൽ പടർന്നുപിടിക്കുന്നു. അഴുക്കുചാലുകളിൽ നിന്നുള്ള ജലം പ്രധാന ജലസ്രോതസുകളിലെല്ലാം പടർന്നതും ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ടാക്സി, ഓട്ടോ സർവീസുകൾ ഭാഗികമായി നിലച്ചതാണ് മറ്റൊരു ഭീഷണി. ടാക്സിയുടെ പല ആപ്പുകളും കൃത്യമായി വർക്ക് ചെയ്യുന്നില്ല. ഇപ്പോഴത്തെ പ്രതിസന്ധി മുതലെടുത്ത് ചില ടാക്സി സർവീസുകൾ തങ്ങളുടെ ചാർജ്ജ് ഇരട്ടിയിലധികമാക്കി. അമിത ചാർജ്ജ് നൽകിയിട്ടായാൽ പോലും ടാക്സി സർവീസുകൾ ലഭിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.
വേളാച്ചേരി, താംബരം മേഖലകളിൽ വീടുകളിലും ഫ്ലാറ്റുകളിലും വെള്ളം കയറി. കോടമ്പാക്കം, മാമ്പലം എന്നിവിടങ്ങളിലെ റോഡുകൾ ജലത്തിനടിയിലാണ്. അപകടകരമായ സ്ഥിതിവിശേഷം നിലനിൽക്കുന്നയിടങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ അധികൃതർ നടപടിയെടുത്തിട്ടുണ്ട്. ആവശ്യമില്ലാതെ ജനങ്ങൾ വെള്ളക്കെട്ടുകളിൽ ഇറങ്ങിനടക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ആവശ്യമായ ഭക്ഷണസാധനങ്ങളും കുടിവെള്ളവും ശേഖരിച്ചുവയ്ക്കണമെന്നും നിർദ്ദേശം നൽകിയിരിക്കുകയാണ്.