ചിദംബരത്തിന്റെ ഭാര്യയ്ക്കെതിരെ ഗുരുതര ആരോപണം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ നളിനി ചിദംബരത്തിനെതിരെ ആരോപണവുമായി ശാരദാ ഗ്രൂപ്പ് പ്രൊമോട്ടര്‍ സുദീപ്ത സെന്‍. അസമിലെ ഗുവഹാത്തിയില്‍ ചാനല്‍ തുടങ്ങാന്‍ നളിനി ചിദംബരം 42 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. അറസ്റ്റിലായ സുദീപ്ത സെന്‍ സിബിഐയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

വടക്ക് കിഴക്ക് മേഖലയില്‍ ഗുവഹാത്തി കേന്ദ്രീകരിച്ച് ചാനല്‍ തുടങ്ങുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചാണ് നളിനി ചിദംബരം ചെന്നൈയില്‍ വെച്ച് 42 കോടി രൂപ ആവശ്യപ്പെട്ടത്. അതില്‍ 25 കോടി രൂപ നല്‍കുകയും ചെയ്തു. ഒരു ലക്ഷം രൂപ കണ്‍സള്‍ട്ടിംഗ് ഫീസായി ആവശ്യപ്പെട്ടു. എഗ്രിമെന്റ് നളിനി ചിദംബരം തന്നെയാണ് തയ്യാറാക്കിയത്. നളിനി ചിദംബരം കൊല്‍ക്കത്ത സന്ദര്‍ശിച്ചപ്പോഴൊക്കെയും അവരുടെ വിമാന ടിക്കറ്റും താജ് ഹോട്ടല്‍ ബില്ലും ഉള്‍പ്പെടെയുള്ള വന്‍ തുക താനാണ് അടച്ചതെന്നും കത്തില്‍ സുദീപ്ത സെന്‍ പറയുന്നുണ്ട്.

രണ്ട് തൃണമൂല്‍ എം പിമാരെക്കുറിച്ചും കത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുണ്ട്. ബംഗാളിലെ ചിട്ടി തട്ടിപ്പ് കേസിലാണ് സുദീപ്ത സെന്‍ അറസ്റ്റിലായത്. ശാരദാ ഗ്രൂപ്പിന്റെ ചിട്ടിക്കമ്പനി പൊളിഞ്ഞതോടെ ആയിരക്കണക്കിനു നിക്ഷേപകരാണ് പ്രതിസന്ധിയിലായത്. ഇതെ തുടര്‍ന്ന് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടി വി ചാനലുകളും പത്രങ്ങളും അടച്ച് പൂട്ടുകയും ചെയ്തു. ശമ്പളം കിട്ടാതെ ജീവനക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്.

താന്‍ ഏത് നിമിഷവും ആത്മഹത്യ ചെയ്യുമെന്നും സുദീപ്ത സെന്‍ സിബിഐയ്ക്ക് അയച്ച കത്തില്‍ പറയുന്നു. ‘ആത്മഹത്യ കുറിപ്പ്’ എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്ന കത്ത് 18 പേജുള്ളതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :