ഗാന്ധിയെപ്പറ്റി സംസാരിക്കേണ്ടത് ഞാന്‍! - മോഡി

അലഹബാദ്| WEBDUNIA|
PRO
PRO
ഇന്ത്യയുടെ രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിയെ പറ്റി കോണ്‍‌ഗ്രസ് വാതോരാതെ സംസാരിക്കുമെങ്കിലും ഗാന്ധിയുടെ സ്വപ്നങ്ങള്‍ താനാണ് സഫലമാക്കിയത് എന്ന് ബിജെപി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡി. മൌലികതയും ദീര്‍ഘവീക്ഷണവും ഒത്തിണങ്ങിയ ചിന്തകനായിരുന്നു ഗാന്ധിയെന്നും നരേന്ദ്രമോഡി പറഞ്ഞു. ഗുജറാത്തില്‍ മോഡി സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഗാന്ധിയുടെ ഹിന്ദുസ്വരാജ്’ എന്ന പരിപാടിയുടെ ഉദ്ഘാടനവേളയിലാണ് മോഡി ഇങ്ങിനെ പറഞ്ഞത്. ആര്‍‌എസ്‌എസ് മേധാവി മോഹന്‍ ഭാഗവതും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

“ചിലയാളുകള്‍ (കോണ്‍ഗ്രസ്) എന്നും എപ്പോഴും ഗാന്ധിയെ പറ്റി വാതോരാതെ സംസാരിക്കും. എന്നാല്‍ ഒന്നും ചെയ്യുകയുമില്ല. ഇവിടെ ഗുജറാത്തില്‍ നോക്കൂ. സര്‍ക്കാര്‍ പരിപാടികളെല്ലാം ഞങ്ങള്‍ നല്‍കുന്നത് ഖാദിയില്‍ നിന്നുള്ള സമ്മാനങ്ങളാണ്. ഖാദിയെ ജനങ്ങള്‍ക്കിടയില്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടും ബിജെപി അണികളെ ഖാദിയെ പറ്റി അവബോധമുണ്ടാക്കിക്കൊണ്ടും ഖാദിയുടെ വില്‍‌പനയില്‍ 40% കണ്ട് വര്‍ദ്ധനവ് ഉണ്ടാക്കാന്‍ ഗുജറാത്തിനായിട്ടുണ്ട്.”

“കുഷ്‌ഠരോഗികള്‍ക്കുള്ള ഒരു ആശുപത്രി ഉദ്ഘാടനം ചെയ്യാന്‍ ഒരിക്കല്‍ ചിലയാളുകള്‍ ഗാന്ധിയെ ക്ഷണിക്കുകയുണ്ടായി. ഗാന്ധി പറഞ്ഞത് വരാന്‍ പറ്റില്ല എന്നാണ്. ‘ആശുപത്രി അടച്ചുപൂട്ടേണ്ട സമയമാകുമ്പോള്‍ വിളിക്കൂ, ഞാന്‍ വന്ന് അതുചെയ്യാം’ എന്നാണ് ഗാന്ധി പറഞ്ഞത്. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രി പദം ഏറ്റെടുത്തതില്‍ പിന്നെ ഗാന്ധിയുടെ സ്വപ്നങ്ങളില്‍ ചിലതെല്ലാം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.”

“ഗുജറാത്തിലെ ഒരു ഗ്രാമവും ഇന്ന് വൈദ്യുതി എത്താത്തയായി ഇല്ല. ഇതറിയുമ്പോള്‍ ഗാന്ധി എത്രത്തോളം അഭിമാനം കൊള്ളും. ഗാന്ധിയെ പറ്റി വാതോരാതെ സംസാരിക്കുന്നവരേക്കാള്‍ ആ മഹാത്മാവിനെ പറ്റി പറയാന്‍ എനിക്ക് അര്‍ഹതയുണ്ട്” - മോഡി പറഞ്ഞു.

ഗാന്ധിജിയുടെ രചനകള്‍ പൂര്‍ണരൂപത്തില്‍ ലഭ്യമാക്കണമെന്നും രാജ്യത്തെ മുഴുവന്‍ ജനങ്ങളും അവ വായിക്കണമെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. ഗാന്ധിയുടെ മൌലികരചനകള്‍ ഇന്ന് സംക്ഷിപ്ത രൂപത്തിലാണ് ലഭിക്കുന്നതെന്നും ഈ പുസ്തകങ്ങള്‍ വായിക്കുന്നതിലൂടെ ഗാന്ധിയെ പറ്റി ആഴത്തിലുള്ള അറിവ് ലഭിക്കില്ലെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

ഗാന്ധിചിന്തകള്‍ ആഗോള തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഗാന്ധിയെയും ഗാന്ധിയുടെ ഗ്രാമസ്വരാജിനെയും സംഘപരിവാരത്തിന്റെ തൊഴുത്തില്‍ കെട്ടാനുള്ള ശ്രമങ്ങളാണ് നരേന്ദ്രമോഡിയുടെ പുതിയ പദ്ധതിയെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :