മഹാത്മാഗാന്ധി ഉപദേശിച്ച അഹിംസയടക്കമുള്ള തത്വങ്ങള്‍ പിന്തുടരുന്ന തനിക്കും തന്റെ ഭക്തര്‍ക്കും നീതി ലഭിക്കുന്നില്ല എന്നും ഇതിന് പിന്നില്‍ ശക്തനായ ഒരാള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും നിത്യാനന്ദ. ബംഗളൂരിലെ ബിഡദി ആശ്രമത്തിലെ മൂന്ന് ശിഷ്യരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്വാമി. ഗാന്ധിമാര്‍ഗ്ഗം പിന്തുടരുന്ന തനിക്കും ഭക്തര്‍ക്കും ഈ ഗതിയാണെങ്കില്‍ തനിക്കൊന്നും പറയാനില്ല എന്നും നിത്യാനന്ദ പറഞ്ഞു.
“എന്റെ ശിഷ്യനായ സച്ചിദാനന്ദ സ്വാമിയെ ചോദ്യം ചെയ്യാനാണ് പൊലീസ് ഉദ്യോഗസ്ഥനായ രാമലിംഗപ്പ ഇക്കഴിഞ്ഞ വ്യാഴാഴ്ച ബിഡദി ആശ്രമത്തില്‍ എത്തിയത്. ഐഡന്റിറ്റി കാര്‍ഡ് ഉണ്ടോ എന്ന് സച്ചിദാനന്ദ സ്വാമി ചോദിച്ചതോടെ രാമലിംഗപ്പ ചൂടായി. ‘എന്നോട് ഐഡന്റി കാര്‍ഡ് ചോദിക്കാന്‍ മാത്രം നീ വളര്‍ന്നോടാ’ എന്ന് ചോദിച്ചുകൊണ്ട് സച്ചിദാനന്ദന്റെ കൈപിടിച്ച് രാമലിംഗപ്പ ഒടിച്ചു.”
“ഈ സംഭവങ്ങളെല്ലാം ശ്രീദയാനന്ദ സ്വാമി വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇതുകണ്ട രാമലിംഗപ്പ വീണ്ടും ദ്വേഷ്യപ്പെട്ടു, തുടര്‍ന്ന് ദയാനന്ദ സ്വാമിയെയും മര്‍ദ്ദിച്ചു. ‘എന്റെ പവര്‍ എന്താണെന്ന് നിനക്കൊക്കെ കാട്ടിത്തരാമെടാ’ എന്ന് ഭീഷണി മുഴക്കി പോവുകയും ചെയ്തു.”
“രാത്രി ഒരു എട്ട് മണിയായിക്കാണണം. വന്‍ സന്നാഹങ്ങളോടെ വീണ്ടും രാമലിംഗപ്പ വന്നു. കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് പൊലീസിനെ ത്ടഞ്ഞു എന്ന് കാരണം പറഞ്ഞു സച്ചിദാനന്ദ സ്വാമി, ശ്രീദയാനന്ദ സ്വാമി, ശ്രീശാന്തി യോഗാനന്ദ സാമി എന്നിവരെ രാമലിംഗപ്പ അറസ്റ്റുചെയ്തു. പാവം സ്വാമിമാരെ കയ്യാമം അണിയിച്ചാണ് രാമലിംഗപ്പ കോടതിയില്‍ ഹാജരാക്കിയത്.”
“ആശ്രമത്തില്‍ ആര്‍ക്കും എപ്പോഴും വരാം. എന്നാല്‍ എന്തിനാണ് വരുന്നത്, എവിടെ നിന്നാണ് വരുന്നത് തുടങ്ങിയ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലേ ആശ്രമത്തിലേക്ക് സന്ദര്‍ശകരെ അനുവദിക്കാറുള്ളൂ. രാമലിംഗപ്പയുടെ പക്കലും ഞങ്ങള്‍ ഇതൊക്കെ തന്നെയാണ് ചോദിച്ചത്. അതിന്റെ പ്രത്യാഘാതമാണ് എന്റെ ശിഷ്യരായ മൂന്ന് സ്വാമിമാര്‍ അറസ്റ്റിലാകാന്‍ കാരണം. മഹാത്മാഗാന്ധി ഉപദേശിച്ച അഹിംസയടക്കമുള്ള തത്വങ്ങള്‍ പിന്തുടരുന്ന എനിക്കും എന്റെ ഭക്തര്‍ക്കും ഈ ഗതിയാണെങ്കില്‍ എന്തുചെയ്യും?”
“എന്തായാലും ഞാനൊരു കാര്യം ഉറപ്പിച്ചിട്ടുണ്ട്. എന്റെ ആത്മീയശക്തി എന്തെന്ന് രാമലിംഗപ്പ അടക്കമുള്ള പൊലീസ് അധികാരികള്‍ക്ക് കാണിച്ചുകൊടുക്കണം. ഒരു സാക്ഷികളും ഇല്ലാതെയാണ് തമിഴ്നാട് പൊലീസും കര്‍ണാടക പൊലീസും എനിക്കെതിരെ കേസെടുത്ത് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. എന്റെ ഭക്തര്‍ ഇപ്പോള്‍ തന്നെ ഇതില്‍ പ്രതിഷേധിച്ച് പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. നാല്‍പ്പതിനായിരം പേരുടെ പക്കല്‍ നിന്ന് ഞാന്‍ ചോരയൊപ്പ് വാങ്ങിയിട്ടുണ്ട്. ഒരു ലക്ഷം ചോരയൊപ്പ് ഇട്ട ഒരു നിവേദനം അടുത്തുതന്നെ ഞാന്‍ രാഷ്‌ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കും.”
“എന്നെ പൊലീസുകാര്‍ വെറുതെ പീഡിപ്പിക്കുന്നതല്ല. ശക്തനായ ഒരാള്‍ ഇതിനൊക്കെ പിന്നിലുണ്ട്. നിയമം അതിന്റെ വഴിക്ക് പോകട്ടെ. അവസാനം കേസ് സുപ്രീം കോടതിയില്‍ എത്തിയാല്‍ ഞാന്‍ ഈ മനുഷ്യന്റെ പേര് വെളിപ്പെടുത്തും. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം മനസിലാകും” - നിത്യാനന്ദ പറഞ്ഞു.