ഗാന്ധിജിയുടെ കത്തുകള്‍ ഇന്ത്യയിലേക്ക്

ലണ്ടന്‍| WEBDUNIA| Last Modified ബുധന്‍, 15 ജൂലൈ 2009 (09:02 IST)
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ കൈയ്യൊപ്പോടു കൂടിയ കത്തുകളും ഒരു കഷണം ഖാദിത്തുണിയും ലേലത്തില്‍ വാങ്ങിയവര്‍ ഇന്ത്യയ്ക്ക് കൈമാറും. ബ്രിട്ടനിലെ രണ്ട് വിദേശ ഇന്ത്യക്കാര്‍ കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ നിന്ന് 10,000 പൌണ്ടിനാണ് ഗാന്ധി സ്മൃതി വസ്തുക്കള്‍ വാങ്ങിയത്.

ഗാന്ധിജിയുടെ ഓട്ടോഗ്രാഫോടുകൂടിയ മൂന്ന് കത്തുകള്‍ ഖിലാഫത് പ്രസ്ഥാനത്തിലെ പ്രധാനിയായിരുന്ന മൌലാന അബ്ദുള്‍ ബാരിക്ക് ഉള്ളതാണ്. ഇവ ഉറുദു ഭാഷയിലാണ്. ലക്നൌവിലെ വര്‍ഗീയ സംഘര്‍ഷത്തെ കുറിച്ചും അബ്ദുള്‍ ബാരിയുമായുള്ള വ്യക്തി ബന്ധത്തെ കുറിച്ചും ഈ കത്തില്‍ പരാമര്‍ശിക്കുന്നു. മറ്റൊരു കത്ത് ഗാന്ധിജി ജയിലില്‍ നിന്ന് അയച്ചതാണ്. ഇതില്‍ തുണി നെയ്യാന്‍ ആവശ്യമായ പരുത്തി നല്‍കിയതിന്റെ നന്ദിപ്രകാശനമാണ്.

ഖാദി തുണി കഷണം ഗാന്ധിജി സ്വയം നെയ്തതാണ്. പര്‍പ്പിള്‍ അരികുകള്‍ ഉള്ള ഈ തുണിയില്‍ ഗുജറാത്തി ഭാഷയില്‍ ഗാന്ധിജിയുടെ ഒപ്പ് ഉണ്ട്. ദക്ഷിണാഫ്രിക്കന്‍ വംശജയായ മൊയ്‌റ ലിസ്റ്റര്‍ എന്ന അഭിനേത്രിക്ക് ഗാന്ധിജി സമ്മാനിച്ചതാണ് ഈ ഖാദിത്തുണി. ജയ്പൂര്‍ മഹാറാണിയായിരുന്ന ഗായത്രി ദേവിയുടെ സുഹൃത്തായിരുന്നു ലിസ്റ്റര്‍.

ഉറുദു കവിയായിരുന്ന ഹമിദ് ഉള്ള അസ്ഫറിന്റെ കത്തുകള്‍ക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ളതാണ് പോസ്റ്റ് കാര്‍ഡുകള്‍. അസ്ഫറിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി തൊട്ടു മുന്നില്‍ അയച്ച കത്തിലുണ്ടെന്ന് പറഞ്ഞിരിക്കുന്നു.

ജവഹര്‍ലാല്‍ നെഹ്രുവുന്റെ ഒപ്പ് ഉള്ള 29 കത്തുകളും നെഹ്രു മൃദുല സാരാഭായിക്ക് വേണ്ടി എഴുതിയ നാല് ഓട്ടോഗ്രാഫുകളും ഒരു ആശംസകാര്‍ഡും 29 കവറുകളും ഉള്‍പ്പെടെയുള്ള വസ്തുക്കളും കഴിഞ്ഞ ദിവസം യുകെ ട്രേഡ് എന്ന സ്ഥാപനം ലേലത്തില്‍ സ്വന്തമാക്കി. ഇന്ത്യന്‍ വംശജരായ വ്യാപാരികളായ ഗുലാം കേദര്‍ബോയ് നൂണ്‍, പ്രഫ.നാഥ് പുരി എന്നിവരാണ് സ്മൃതി വസ്തുക്കള്‍ സ്വന്തമാക്കിയത്.

നൂണ്‍, പുരി എന്നീ വിദേശ ഇന്ത്യക്കാര്‍ നേരത്തെ രണ്ട് തവണ ഗാന്ധിജിയുടെ കത്തുകള്‍ ലേലത്തില്‍ വാങ്ങി ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. സോത്തീബീസ് എന്ന ലേലസ്ഥാപനമാണ് കഴിഞ്ഞ ദിവസം ലേലം നടത്തിയത്.

ഈ വര്‍ഷം മാര്‍ച്ചില്‍ ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ ഗാന്ധിജിയുടെ കണ്ണട ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലേലം ചെയ്തിരുന്നു. ഇന്ത്യന്‍ വ്യാപാരിയായ 1.8 ദശലക്ഷം ഡോളറിനാണ് ഇവ സ്വന്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :